ഉൾവനത്തിൽ ആദിവാസി യുവതിക്ക് സുഖപ്രസവം
text_fieldsവടശ്ശേരിക്കര: ചാലക്കയം ഉൾ വനത്തിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. ചാലക്കയം വനാന്തർഭാഗത്ത് താമസ്സിക്കുന്ന മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ആദിവാസി ദമ്പതികളായ രാജൻ-ബിന്ദു ദമ്പതികൾക്കാണ് പെൺകുഞ്ഞ് പിറന്നത്.
മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ഇവർ ഒരു സ്ഥലത്ത് അധിക നാൾ താമസ്സിക്കില്ല. ഇടക്കിടെ താമസം മറ്റിക്കൊണ്ടിരിക്കും. ബിന്ദു ഗർഭിണിയായതിന് ശേഷമുള്ള പരിശോധനകൾ റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രം അധികൃതരുടെ നേതൃത്വത്തിലായിരുന്നു. ചൊവ്വാഴ്ച ചാലക്കയത്തു വെച്ചാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.
ഡോ. ആര്യാ എസ്. നായരുടെ (മെഡിക്കൽ ഓഫിസർ) നേതൃത്വത്തിലുള്ള റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ പ്രഥമ ശിശ്രൂഷ നൽകി. സംഘത്തിൽ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ അന്നമ്മ ഏബ്രഹാം, ജെ.പി.എച്ച്.എൻ മഞ്ജു എന്നിവരുമുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി സംഘം അറിയിച്ചു.