വിദ്യാർഥിനിയുടെ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ച് ഹൈകോടതി ഉത്തരവ്
text_fieldsവടശേരിക്കര: പെരുനാട് സ്വദേശിനിയായ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ച് ഹൈകോടതി ഉത്തരവ്. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ ശാസ്ത്രീയമായ തെളിവുകൾ പരിശോധിച്ചില്ലെന്ന് ആരോപിച്ചുകൊണ്ട് മരിച്ച കുട്ടിയുടെ അമ്മ ഹൈകോടതിയെ സമീപിച്ചിരുന്നു .
ക്രൈം ബ്രാഞ്ചിലെ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസന്വേഷിക്കണമെന്നാണ് കോടതി നിർദേശം. പെരുനാട് പുതുക്കട ചെമ്പാലൂർ വീട്ടിൽ അക്ഷയ അനൂപിനെ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് സ്വവസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
പാറശ്ശാല സരസ്വതിയമ്മ മെമ്മോറിയൽ കോളജിലെ വിദ്യാർഥിനിയായിരുന്ന അക്ഷയ അനൂപിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസന്വേഷണം പെരുനാട് പൊലീസ് അട്ടിമറിക്കുന്നതായി ആരോപിച്ച് കുട്ടിയുടെ പിതാവ് അനൂപ് ജില്ലാ പൊലീസ് മേധാവിക്കും മറ്റും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
സംഭവത്തിൽ ക്രൈം നമ്പർ 107 /2021 ആയി പെരുനാട് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവം നടന്നു മാസങ്ങൾ കഴിഞ്ഞിട്ടും പോലീസിന്‍റെ ഭാഗത്തുനിന്നും നീതിപൂർവമായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപണമുയർന്നിരുന്നു.
സംഭവത്തിന് മുൻപ് കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകളും സന്ദേശങ്ങളും പരിശോധിച്ചാൽ വിദ്യാർഥിനിയുടെ ആത്‌മഹത്യക്ക് കാരണക്കാരായ ചിലരെ കണ്ടെത്താനാകുമെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ഫോണും ഡയറിയും പൊലീസിന് കൈമാറിയെങ്കിലും അവ ശാസ്ത്രീയമായി പരിശോധിക്കാത്തിനു പിന്നിൽ രാഷ്ട്രീയ ഇടപെടൽ ആണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും നൽകുവാൻ തയാറായില്ലെന്നും മരിച്ച കുട്ടിയുടെ മാതാപിതാക്കൾ കോടതിയെ ധരിപ്പിച്ചു.