കൊടുംകാട്ടിൽ മൂന്ന് ബൂത്തുകൾ
text_fieldsകൊടുംകാടിന് മധ്യത്തിലെ മൂഴിയാറിലെ പോളിങ് സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ
വടശ്ശേരിക്കര: കോടമഞ്ഞ് പുതച്ച വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിൽ രണ്ട് ബൂത്തുകൾ. വനപാതയിലെ മൂഴിയാറിൽ ഒരു ബൂത്തും. ജില്ലയിൽ ഏറ്റവും വിദൂരതയിലുള്ള ബൂത്തുകളാണ് ഇവ. ഇവിടേക്കുള്ള പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഉച്ചക്ക് 12ഓടെ റാന്നിയിൽനിന്ന് തിരിച്ചു.
652 തമിഴ് വോട്ടര്‍മാരാണ് ഗവി വാര്‍ഡിലുള്ളത്. കൊച്ചുപമ്പയിലും ഗവിയിലുമായാണ് രണ്ട് ബൂത്തുകൾ. കൊച്ചുപമ്പയില്‍ 269 വോട്ടര്‍മാരും ഗവിയില്‍ 407 പേരുമുണ്ട്. പഞ്ചായത്ത് ആസ്ഥാനമായ സീതത്തോട്ടില്‍ എത്താന്‍ ഇവിടത്തെ വോട്ടര്‍മാര്‍ സഞ്ചരിക്കേണ്ടത് 65 കിലോമീറ്ററാണ്. വനത്താൽ ചുറ്റെപ്പട്ട ഗവി സീതത്തോട് പഞ്ചായത്തിലെ മൂന്നാം വാർഡാണ്. ഗവി പാതയിലെ വനമേഖലയായ മൂഴിയാർ രണ്ടാം വാർഡിൽ ആദിവാസികൾക്കും കെ.എസ്.ഇ.ബി ജീവനക്കാർക്കും വേണ്ടി ഒരു ബൂത്തും പ്രവർത്തിക്കുന്നുണ്ട്.
40 വർഷം മുമ്പ് ശ്രീലങ്കയിൽനിന്ന് അഭയാർഥികളായി എത്തിയവരെ പുനരധിവസിപ്പിച്ച പ്രദേശമാണ് ഗവി. വനം വികസന കോർപറേഷെൻറ ഏലത്തോട്ടത്തിലെ തൊഴിലാളികളാണ് വോട്ടർമാരിൽ ഏറെയും.
ഒരു ബൂത്തിൽ രണ്ടു പൊലീസുകാർ ഉൾപ്പെടെ ഏഴ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ഉണ്ടാകുക. കൂടാതെ പൊലീസിലെ സ്പെഷൽ ഫോഴ്സും ഗവിയിലെത്തും. ഗവിയിലേക്കുള്ള വഴിയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം ഉള്ളതിനാൽ വനംവകുപ്പിെൻറ ഏഴ് അംഗ ടീമും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അനുഗമിക്കും.
വോട്ടിങ്ങിന് ശേഷം ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ പൊലീസിെൻറയും വനംവകുപ്പിെൻറയും സുരക്ഷ സഹായത്തോടെ തെരഞ്ഞെടുപ്പ് സംഘത്തിന് മടങ്ങാനാവുമെന്നാണ് കണക്കുകൂട്ടൽ. സെക്ടറൽ ഓഫിസർ അനീഷ് പ്രഭാകറിനാണ് ഗവിയിലെ തെരഞ്ഞെടുപ്പ് നടപടിയുടെ ചുമതല.
-