ആങ്ങമൂഴിയിലേക്ക് രാത്രികാല സര്‍വിസ് നിര്‍ത്തി; യാത്രക്കാര്‍ ബുദ്ധിമുട്ടില്‍
text_fieldsവടശ്ശേരിക്കര: കിഴക്കന്‍ മലയോര മേഖലയിലേക്കുള്ള കെ.എസ്.ആര്.ടി.സി രാത്രികാല സര്‍വിസ് നിര്‍ത്തിയതുമൂലം യാത്രക്കാര്‍ ബുദ്ധിമുട്ടില്‍. പത്തനംതിട്ടയില്‍നിന്ന് രാത്രി എട്ടുമണിക്ക് ശേഷം ആങ്ങമൂഴിയിലേക്ക് സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്.ടി.സി സര്‍വിസാണ് നിര്‍ത്തിയത്.
എറണാകുളത്തുനിന്ന് ആങ്ങമൂഴിയിലേക്ക് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസിെൻറ സമയമാറ്റവും യാത്രക്കാരെ വലച്ചു. ഈ സര്‍വിസ് രാത്രി 8.20 ആണ് പത്തനംതിട്ടയില്‍നിന്ന് പുറപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ 7.50ന് ബസ് പത്തനംതിട്ടയില്‍നിന്ന് പുറപ്പെടും.
നിലവില്‍ എട്ടുമണിക്ക് പെരുനാട് വഴി സീതത്തോടിന് ഒരു സ്വകാര്യ ബസ് മാത്രമാണ് സര്‍വിസ് നടത്തുന്നത്. പേഴുംപാറ, മണിയാര്‍, പടയണിപ്പാറ, മണിയാര്‍ എ.ആര് ക്യാമ്പ് എന്നീ പ്രദേശത്തുള്ളവര്‍ക്ക് 7.50ന് ശേഷം പത്തനംതിട്ടയില്‍നിന്ന് ബസില്ലാത്തതിനാൽ ഈ പ്രദേശത്തെ സര്‍ക്കാര്‍ ജീവനക്കാരും ദീര്‍ഘദൂര യാത്രക്കാരും ആശുപത്രി ജീവനക്കാരുമൊക്കെ കഷ്ടപ്പെടുകയാണ്.
എറണാകുളം ആങ്ങമൂഴി സര്‍വിസ് ബസിെൻറ സമയം 8.30 ആക്കിമാറ്റി യാത്രകാരുടെ ബുദ്ധിമുട്ട് പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

