ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണം; ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സി.ബി.െഎ പ്രതിചേർത്തു
text_fieldsവടശ്ശേരിക്കര: ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ ആറ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സി.ബി.ഐ പ്രതിചേർത്തു. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആർ. രാജേഷ്കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എ.കെ. പ്രദീപ്കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എൻ.സന്തോഷ്, വി.ടി. അനിൽകുമാർ, വി.എം. ലക്ഷ്മി, ട്രൈബൽ വാച്ചർ ഇ.വി. പ്രദീപ് കുമാർ എന്നിവരാണ് പ്രതികൾ. 11 മാസത്തെ അന്വേഷണശേഷമാണ് സി.ബി.ഐ നടപടി.
നിലവിലെ അന്വേഷണത്തിൽ പൂർണവിശ്വാസമാണെന്ന് മത്തായിയുടെ കുടുംബം പറഞ്ഞു. 2020 ജൂലൈ 28നാണ് ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേ ചരുവിൽ പി.പി. മത്തായിയെ കുടുംബ വീട്ടിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്വേഷണം ഏറ്റെടുത്ത ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും മത്തായിയുടെ മരണം ആത്മഹത്യയാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്നുമായിരുന്നു കണ്ടെത്തിയത്. എന്നാൽ, തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ, മനഃപൂർവമല്ലാത്ത നരഹത്യ, വ്യാജരേഖ ചമക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യവിലോപം, അനധികൃതമായി തടങ്കലിൽ െവക്കൽ തുടങ്ങി 12 കുറ്റം ചുമത്തിയാണ് സി.ബി.ഐ എഫ്.ഐ.ആർ ഫയൽ ചെയ്തിരിക്കുന്നത്.
ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശരീരത്തിലെ മുറിവുകളെപ്പറ്റി അറിയാൻ പൊലീസ് ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് സംഘം നടത്തിവന്ന അന്വേഷണത്തിൽ മത്തായിയുടെ കുടുംബം തൃപ്തരായിരുന്നെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹൈകോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. മരണം നടന്ന് 39ാം ദിവസം സി.ബി.ഐ സംഘത്തിെൻറ മേൽനോട്ടത്തിൽ റീപോസ്റ്റ്മോർട്ടം നടത്തിയിരുന്നു. വിദഗ്ധ ഡോക്ടർ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ബന്ധുക്കൾ ആരോപിക്കുംവിധമുള്ള ചില സംശയങ്ങൾ ഉയർന്നിരുന്നു.
ശ്വാസകോശത്തിൽ ചളിയുടെ അംശം, തലയിൽ ഇടത് ഭാഗത്ത് ആഴത്തിലുള്ള ക്ഷതം, ഇടത് കൈമുട്ടിനോട് ചേർന്ന് അസ്ഥിക്ക് പൊട്ടലും ക്ഷതങ്ങളും തുടങ്ങിയവ വീഴ്ചയിൽ സംഭവിച്ചതാകാമെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. 41 ദിവസത്തോളം മൃതദേഹം സംസ്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ച കുടുംബം നടത്തിയ സമാനതകളില്ലാത്ത പോരാട്ടത്തിനൊടുവിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്.

