കരുതൽ മേഖല: കണ്ണുതുറക്കാതെ ജനപ്രതിനിധികൾ
text_fieldsവടശ്ശേരിക്കര: കരുതൽ മേഖല ആശങ്കയൊഴിയാതെ മലയോര മേഖല. കരുതൽ മേഖല യാഥാർഥ്യമായാൽ ജില്ലയുടെ മലയോര മേഖലയിലെ ജനങ്ങൾ ആവാസസ്ഥലങ്ങൾ വിട്ടൊഴിയേണ്ടിവരുമെന്ന പ്രചാരണമാണ് ജനങ്ങളിൽ വ്യാപകമായ ആശങ്ക പരത്തുന്നത്. പെരിയാർ കടുവ സങ്കേതത്തിെൻറ അതിർത്തി മേഖലകളിലെ ജനവാസ കേന്ദ്രങ്ങൾ കരുതൽ മേഖയിൽ വരുമെന്നും ഇവിടെ അധിവസിക്കുന്നവരുടെ ജീവിതം വഴിമുട്ടുമെന്ന പ്രചാരണങ്ങൾക്ക് മറിച്ചൊരു അഭിപ്രായം പറയാൻ വനംവകുപ്പോ മറ്റു കേന്ദ്രങ്ങളോ തയാറാകാത്തതും കുടിയേറ്റ കർഷകരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.
ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോഴും ജില്ലയിലെ മാത്രം ഒരുലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാറിനോ ബന്ധപ്പെട്ട വകുപ്പുകൾക്കോ കർഷകരുടെ ചോദ്യത്തിന് വ്യക്തത നൽകാൻ കഴിയാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
നൂറ്റാണ്ടുമുമ്പ് കർഷകർ കുടിയേറി പാർക്കുകയും സംസ്ഥാനത്തെ ഭക്ഷ്യ നാണ്യവിള ഉൽപാദനത്തിൽ പ്രബലമായ പങ്കുവഹിക്കുകയും ചെയ്ത ചിറ്റാർ, സീതത്തോട്, പെരുനാട് പഞ്ചായത്തുകളും കൊല്ലമുള വില്ലേജും കരുതൽ മേഖല പരിധിയിൽ വരുമെന്ന സൂചന ഉണ്ടായിട്ടും പ്രദേശങ്ങളിലെ ജനപ്രതിനിധികൾപോലും നിലപാട് വ്യക്തമാക്കാൻ തയാറായിട്ടില്ല. വന നിയമങ്ങൾ ശക്തമായതോടെ വന്യമൃഗ ശല്യംമൂലം പൊറുതിമുട്ടിയ മേഖലയിൽ നിയമംകൂടി നടപ്പായാൽ ജീവിക്കാൻ മറ്റു മാർഗങ്ങൾ മുന്നിലില്ലെന്ന് മലയോര കർഷകർ പറയുന്നു. ഒരുവശത്തുകൂടി പെരിയാർ കടുവ സങ്കേതത്തിൽനിന്നും കിലോമീറ്ററുകൾ അകലെ കിടക്കുന്ന ഗ്രാമങ്ങൾപോലും കരുതൽ മേഖയിലാക്കുമെന്ന് പ്രചാരണം നടത്തുമ്പോൾ മറുഭാഗത്തു ഇതേ സ്ഥലങ്ങളിൽ ഖനന മാഫിയകൾക്കുവേണ്ടി നിയമങ്ങൾ ലഘൂകരിക്കുന്നതും സംശയത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

