പ്രളയത്തിലമർന്ന് തിരുവല്ലയിലെ അപ്പർ കുട്ടനാട് പ്രദേശങ്ങൾ
text_fieldsതിരുമൂലപുരം ഞവനാകുഴിയിലെ വെള്ളം കയറിയ വീട്
തിരുവല്ല: പ്രളയത്തിലമർന്ന് അപ്പർ കുട്ടനാട്. മണിമല, പമ്പ നദികൾ പ്രളയത്താൽ കരകവിഞ്ഞപ്പോൾ പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ തിരുവല്ലയിലെ അപ്പർ കുട്ടനാട് പ്രദേശങ്ങൾ പ്രളയത്തിൽ അമർന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളെല്ലാം വെള്ളത്തിനടിയിലായി. എം.സി റോഡിൽ തിരുവല്ല തിരുവല്ലപുരത്തിനും കുറ്റൂരിനും ഇടയിൽ റോഡിൽ വെള്ളം കയറി. തിരുവല്ല അമ്പലപ്പുഴ റോഡിൽ കുടിയാടിക്ക് ശേഷമുള്ള നെടുമ്പ്രത്ത് റോഡിൽ വെള്ളം കയറി കെ.എസ്.ആർ.ടി.സി സർവിസുകൾ ഉൾപ്പെടെ എല്ലാ വാഹന ഗതാഗതവും നിലച്ചു. ഇടറോഡുകളെല്ലാം വെള്ളത്തിനടിയിലായി. ഒട്ടുമിക്ക കോളനികളും വെള്ളം കയറി.
തിരുമൂലത്തെ അടുനിയിലെ 180ഓളം വീടുകളിൽ വെള്ളം കയറി. തൊട്ടടുത്തുള്ള ഞവനാകുഴി, പുളിക്കത്ര, മംഗലശ്ശേരി, ആറ്റുമാലി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വീടുകൾ വെള്ളത്തിൽ മുങ്ങി. തിരുമൂലപുരത്ത് ഇരുവള്ളിപ്പറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ.വി ഹൈസ്കൂൾ, ബാലികാമഠം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കുറ്റൂർ പഞ്ചായത്തിലെ തെങ്ങേലി, വെൺപാല, പുതുവൽ എന്നീ ഭാഗങ്ങളെല്ലാം വെള്ളം കയറി. കുറ്റൂർ ഗവ. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. ഇവിടെ ആളുകൾ കൂടുതലായതോടെ ബാക്കിയുള്ളവരെ ബാലികാമഠം സ്കൂളിലെ ക്യാമ്പിലേക്ക് പ്രവേശിപ്പിച്ചു. റോഡിൽ ഇരുവള്ളിപ്പ റെയിൽവേ അടിപ്പാതയും കുറ്റൂർ മനക്കച്ചിറ റോഡിൽ അടിപ്പാതയും പൂർണമായി വെള്ളത്തിൽ മുങ്ങി. ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. ശനിയാഴ്ച രാത്രി 46 ദുരിതാശ്വാസ ക്യാമ്പുകളാണ് തുടങ്ങിയതെങ്കിലും ഇന്ന് നേരം പുലർന്നപ്പോൾ അതിലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടി വന്നു.
തിരുമൂലപുരം മനക്കച്ചിറ റോഡിലുള്ള വരാൽ തോടിന്റെ ചീപ്പിനോട് അനുബന്ധമായി നിന്ന കൽക്കെട്ട് പൊളിഞ്ഞ റോഡിലെ വെള്ളം കവിഞ്ഞൊഴുകുകയാണ്. റോഡിൽ വാഴൂർ പടിമുതൽ വരാന്‍ വരെയുള്ള റോഡിൽ വെള്ളം കവിഞ്ഞൊഴുകുകയാണ്. ഇത് അടുമ്പട ഞവനാകുഴി പള്ള കോളനി എന്നിവിടങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറാൻ ഇടയാക്കി. കച്ചവടം റോഡിൽ ഇടമനത്തറയിലുള്ള കോളനി പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പെരിങ്ങര, നിരണം, കടപ്ര പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളും താഴ്ന്ന പ്രദേശങ്ങളും നിരവധി വീടുകളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

