നാഥനില്ലാതെ അൺ ഇക്കണോമിക് സ്കൂളുകൾ പ്രൈമറി വിദ്യാലയങ്ങളിലാണ് ഒഴിവേറെയും
text_fieldsപത്തനംതിട്ട: അധ്യയന വർഷം പകുതിയാകാറായിട്ടും, മതിയായ വിദ്യാർഥികളില്ലാത്ത (അൺ ഇക്കണോമിക് വിഭാഗം) നിരവധി സ്കൂളുകളിൽ പ്രധാനാധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. പ്രൈമറി വിദ്യാലയങ്ങളിലാണ് ഒഴിവുകളേറെയും. വ്യക്തിഗത മാനേജ്മെന്റുകളിലും ചില സർക്കാർ പ്രൈമറി സ്കൂളുകളിലുമാണ് ഇനി പ്രധാനാധ്യാപകർ എത്താത്തത്. ഇത്തരം സ്കൂളുകളിൽ സ്ഥിരം തസ്തികയിൽ അധ്യാപകരില്ലാത്തതിനാൽ ചുമതല നൽകാൻ ആളില്ലാത്ത സാഹചര്യവുമുണ്ട്. അധ്യാപക ബാങ്കിൽനിന്ന് നിയമനം നടത്താൻ സർക്കാർ നിർദേശം ഉണ്ടായെങ്കിലും അതിനും ആളില്ലാത്ത സ്ഥിതിയാണ്.
ആനുകൂല്യമില്ല, ബാധ്യതയും ഏറെ
പ്രഥമാധ്യാപക തസ്തികയിൽ കഴിഞ്ഞ രണ്ടുവർഷമായി സർക്കാർ മേഖലയിൽ നിയമനം നടത്തിയ രണ്ടായിരത്തോളം അധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ചു നൽകിയിട്ടില്ല. കേരളത്തിലെ സർക്കാർ പ്രൈമറി സ്കൂളുകളിൽ 2021 മുതൽ പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിച്ചവർക്കാണ് തസ്തികക്കനുസൃതമായ ആനുകൂല്യങ്ങൾ നൽകാത്തത്. ഇവരുടെ ജോലിഭാരം കൂടുകയും ഉത്തരവാദിത്തങ്ങൾ വർധിക്കുകയും ചെയ്തിട്ടും അധ്യാപക തസ്തികയിലെ വേതനം മാത്രമാണ് നൽകുന്നത്.
നിശ്ചിത യോഗ്യതകളോടെ പ്രധാനാധ്യാപക തസ്തികയിൽ നിയമനം നേടിയവർക്ക് മൂന്നുമാസത്തിനകം ശമ്പള സ്കെയിൽ അനുവദിക്കണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ൈട്രബ്യൂണൽ കഴിഞ്ഞ ജൂൺ 22ന് വിധി പുറപ്പെടുവിച്ചതാണ്. ഇതനുസരിച്ച് സീനിയോറിറ്റി അനുസരിച്ചും നിശ്ചിത യോഗ്യത നേടിയവരുമായ അധ്യാപകർക്ക് പ്രധാനാധ്യാപക തസ്തികയിൽ നിയമനം ലഭിച്ചിട്ടുണ്ടെങ്കിൽ മൂന്നുമാസത്തിനകം സ്കെയിൽ അനുവദിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇതേവരെ സർക്കാർ തീരുമാനമുണ്ടായിട്ടില്ല. ഉത്തരവ് സംബന്ധിച്ച് ധനവകുപ്പ് പഠിച്ചുകൊണ്ടിരിക്കുന്നതായാണ് വിശദീകരണം. സംസ്ഥാനത്ത് രണ്ടായിരത്തിലധികം അധ്യാപകർ ഈ ഗണത്തിൽതന്നെ ഉൾപ്പെടും.
പ്രധാനാധ്യാപകൻ പിരിഞ്ഞാൽ സ്കൂളും പൂട്ടും
പ്രധാനാധ്യാപകൻ വിരമിച്ചാൽ സ്കൂളും പൂട്ടുമെന്ന സ്ഥിതിയും ജില്ലയിലുണ്ട്. കഴിഞ്ഞ ഏതാനും വർഷമായി ജില്ലയിൽ ഇത്തരത്തിൽ അടച്ചുപൂട്ടിയ സ്കൂളുകളുണ്ട്. വിരലിലെണ്ണാവുന്ന കുട്ടികളുമായി ഏകാധ്യാപക വിദ്യാലയങ്ങളായി പ്രവർത്തിക്കുന്നവയാണിവ. പുതുതായി പ്രവേശനം നൽകാതെ നിലവിലെ അധ്യാപകൻ വിരമിക്കുന്നതുവരെ സ്കൂളെന്ന നിലയിലാണ് പോകുന്നത്.
ഏറ്റവുമൊടുവിൽ ഇത്തരത്തിൽ അടച്ചുപൂട്ടിയത് തെള്ളിയൂർ സെൻട്രൽ എൽ.പി സ്കൂളാണ്. പെരുമ്പെട്ടി എം.ടി യു.പി സ്കൂൾ സമാനവിഷയത്തിൽ രണ്ടുവർഷം മുമ്പ് അടച്ചു. മതിയായ എണ്ണം കുട്ടികളില്ലെന്ന പേരിൽ സ്കൂളുകളിൽ പുതിയ നിയമനങ്ങൾ തടഞ്ഞതിനു പിന്നാലെയാണ് പ്രതിസന്ധി രൂക്ഷമായത്. സ്ഥിരം അധ്യാപകരെ നിയമിക്കാൻ അനുവാദം ഇല്ലാതായതോടെ സ്കൂളുകൾ മുന്നോട്ട് കൊണ്ടുപോകാൻ മാനേജ്മെന്റുകളും താൽപര്യം കാട്ടുന്നില്ല. വ്യക്തിഗത മാനേജ്മെന്റിന് കീഴിലെ പ്രൈമറി സ്കൂളുകളിൽ നല്ലൊരു പങ്കും അടച്ചുപൂട്ടൽ ഘട്ടത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

