പത്തനംതിട്ടയിൽ അടിയൊഴുക്കുകൾ നിർണായകം
text_fieldsപ്രതീകാത്മക ചിത്രം
പത്തനംതിട്ട: പുതുമുഖങ്ങളെ അകറ്റിനിർത്തിയതോടെ പരിചയസമ്പന്നരുടെ കോമ്പുകോർക്കലിനാണ് പത്തനംതിട്ട നഗരസഭ വേദിയാകുന്നത്. എൽ.ഡി.എഫും യു.ഡി.എഫും മുൻ കൗൺസിലർമാരെ തന്നെ ഏറെക്കുറെ രംഗത്തിറക്കിയത് പോരാട്ടത്തെ പ്രവചനാതീതമാക്കുന്നുമുണ്ട്. ഒപ്പം അടിയൊഴുക്കുകളും ഫലത്തെ ബാധിക്കും. ഭരണം തുടരാൻ കളത്തിലുള്ള എൽ.ഡി.എഫും തിരികെ പിടിക്കാനിറങ്ങിയ യു.ഡി.എഫും സ്വന്തം സീറ്റുകൾക്കൊപ്പം സ്വതന്ത്രരും ബി.ജെ.പിയും എസ്.ഡി.പി.ഐയുമൊക്കെ എത്ര സീറ്റ് പിടിക്കുമെന്നും തലപുകയ്ക്കുന്ന കാഴ്ചയാണ് പത്തനംതിട്ട നഗരസഭയിൽ. പല വാർഡിലും ചതുഷ്കോണ മത്സരങ്ങളുമാണ് അരങ്ങേറുന്നത്.
2020ൽ എൽ.ഡി.എഫും യു.ഡി.എഫും 13 സീറ്റിൽ വീതമാണ് വിജയിച്ചത്. മൂന്ന് സ്വതന്ത്രരും വിജയിച്ചെത്തി. യു.ഡി.എഫ് വിമതരായിരുന്ന ഇവർ എൽ.ഡി.എഫിനെ പിന്തുണച്ചു. അങ്ങനെ 32 അംഗ കൗൺസിലിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് എൽ.ഡി.എഫ് ഭരണം പിടിച്ചു. മൂന്ന് കൗൺസിലർമാരുണ്ടായിരുന്ന എസ്.ഡി.പി.ഐയുടെ പുറമേനിന്നുള്ള പിന്തുണയും ഇവർക്ക് ലഭിച്ചു. അഞ്ചുവർഷവും എൽ.ഡി.എഫ് സുഗമമായി ഭരിച്ചു. തുടക്കത്തിൽ ഒരു സ്ഥിരംസമിതി കമ്മിറ്റി അധ്യക്ഷ സ്ഥാനം എസ്.ഡി.പി.ഐക്ക് നൽകി. അഞ്ചുവർഷത്തിനിടെ ഒരു അവിശ്വാസത്തിനുപോലും ശ്രമിക്കാതെ യു.ഡി.എഫും ഭരണത്തിന് ക്രിയാത്മക പിന്തുണ നൽകി.
33 വാർഡാണ് ഇത്തവണ നഗരസഭ കൗൺസിലിലുള്ളത്. മുന്നണികൾ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത് അവസാനദിനങ്ങളിലാണ്. യു.ഡി.എഫിൽ 27 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മുസ്‌ലിം ലീഗിന് മൂന്ന് വാർഡാണ് നൽകിയത്. ഇതിലൊരെണ്ണം പട്ടികജാതി വനിത സീറ്റാണ്. കേരള കോൺഗ്രസ് രണ്ട് സീറ്റിൽ മത്സരിക്കുന്നു. ആർ.എസ്.പിക്ക് ഒരു സീറ്റും നൽകി. മന്ത്രി വീണ ജോർജിന്‍റെ പേഴ്സനൽ സ്റ്റാഫംഗമായിരുന്ന തോമസ് പി. ചാക്കോയെ ആർ.എസ്.പി ഇവിടെ രരംഗത്തിറക്കിയതിലൂടെ 31ാം വാർഡിലെ മത്സരം ശ്രദ്ധേയമായി. സി.പി.എമ്മിലെ അൻസിൽ അഹമ്മദുമായി നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്. എൽ.ഡി.എഫിൽ സി.പി.എം 22 സീറ്റിലാണ് മത്സരിക്കുന്നത്.
കേരള കോൺഗ്രസ്(എം)- അഞ്ച്, സി.പി.ഐ-നാല്, ജനതാദൾ-ഒന്ന്, ഐ.എൻ.എൽ - ഒന്ന് എന്നിങ്ങനെയാണ് സീറ്റുവിഭജനം. കഴിഞ്ഞ കൗൺസിലിൽ എൽ.ഡി.എഫിൽ സി.പി.എമ്മിനും കേരള കോൺഗ്രസ് എമ്മിനും മാത്രമായിരുന്നു അംഗങ്ങൾ ഉണ്ടായിരുന്നത്. ഇരുമുന്നണികൾക്കും വെല്ലുവിളിയാകാൻ ബി.ജെ.പിയും എസ്.ഡി.പി.ഐയും ശക്തമായി രംഗത്തുണ്ട്. ഒരു വാർഡ് ബി.ഡി.ജെ.എസിന് നൽകിയിട്ടുണ്ട്. എന്നാൽ, എൻ.ഡി.എക്ക് 12 വാർഡിൽ സ്ഥാനാർഥികളെ കണ്ടെത്താനായിട്ടില്ല. എസ്.ഡി.പി.ഐ അഞ്ച് വാർഡിൽ ശക്തമായ പോരാട്ടത്തിലാണ്. പി.ഡി.പിയും ചില വാർഡിൽ മത്സരിക്കുന്നുണ്ട്.
അഞ്ചുവർഷത്തിനിടെ നടത്തിയ വികസനപദ്ധതികൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് രംഗത്തുള്ളത്. മുനിസിപ്പൽ ബസ് സ്റ്റാൻഡ് നവീകരണം, ടൗൺ സ്ക്വയർ, നഗര സൗന്ദര്യവത്കരണം, കുടിവെള്ള പദ്ധതികൾ തുടങ്ങിയവയാണ് ഇവരുടെ പ്രചാരണത്തിൽ നിറയുന്നത്. നഗരത്തിലെ പൂർത്തിയാകാത്ത സർക്കാർ പദ്ധതികളും ജനറൽ ആശുപത്രി നഗരസഭക്ക് നഷ്ടമായതുമൊക്കെയാണ് യു.ഡി.എഫിന്‍റെ പ്രചാരണായുധം. യു.ഡി.എഫിൽ മുൻ നഗരസഭാധ്യക്ഷരായ എ. സുരേഷ് കുമാർ പതിനെട്ടാം വാർഡിലും ഭാര്യ ഗീത സുരേഷ് പതിമൂന്നാം വാർഡിലും സ്ഥാനാർഥികളാണ്. നിലവിലെ കൗൺസിലർമാരായ എൽ.ഡി.എഫില ജെറി അലക്സ് അഞ്ചാം വാർഡിലും ഭാര്യ ബിജിമോൾ മാത്യു ആറാം വാർഡിലും സ്ഥാനാർഥികളായുണ്ട്. എന്നാൽ, സിറ്റിങ് ചെയർമാൻ ടി. സക്കീർ ഹുസൈൻ മത്സരരംഗത്തില്ല.
കോൺഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടിയും ദീർഘകാലം കൗൺസിലറായിരുന്ന കെ. അരവിന്ദാക്ഷൻ നായരും മുൻ വൈസ് ചെയർമാൻ എ. സഗീറുമൊക്കെ മത്സരിക്കാനുണ്ട്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഭീഷണിയായി വിമതരും രംഗത്തുണ്ട്. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി നേതാവ് കെ. ജാസിംകുട്ടി മത്സരിക്കുന്ന പതിനാറാം വാർഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ബിബിൻ ബേബി കനത്ത വെല്ലുവിളിയാണ്. 24ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി അനിൽ തോമസിനെതിരെ നിലവിലെ കൗൺസിലർ ആനി സജി സ്വതന്ത്രയായി രംഗത്തുണ്ട്. എട്ടാം വാർഡിൽ കോൺഗ്രസ് വിമതനായി രാജു നെടുവേലിമണ്ണിൽ രംഗത്തുണ്ട്. പതിനാലാം വാർഡിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും വിമതയായുണ്ട്. പതിനൊന്നാം വാർഡിൽ നിലവിലെ വൈസ് ചെയർപേഴ്സൻ ആമിന ഹൈദരാലി സ്വതന്ത്രയായി വീണ്ടും മത്സരിക്കുന്നുണ്ട്. പത്തനംതിട്ട നഗരസഭാധ്യക്ഷസ്ഥാനം ഇക്കുറി വനിതക്കാണ്.
പന്തളം നഗരസഭയിൽ തീപാറും പോരാട്ടം
പന്തളം: നഗരസഭയായശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലെ പോരിന് കടുപ്പം. ഭരണം നിലനിർത്താൻ ബി.ജെ.പി സർവ ശക്തിയുമെടുത്താണ് പരിശ്രമിക്കുന്നത്. തെക്കൻ കേരളത്തിലെ ഏക നഗരസഭ നിലനിർത്താൻ ബി.ജെ.പി നേതാക്കന്മാരും പന്തളത്ത് ക്യാമ്പ് ചെയ്യുകയാണ്. കൈവിട്ട ഭരണം പിടിക്കാൻ എൽ.ഡി.എഫ് വാശിയേറിയ പോരാട്ടത്തിലാണ്. ചില വാർഡുകളിൽ അപസ്വരങ്ങളുയരുന്നത് മൂന്ന് മുന്നണികൾക്കും ഭീഷണിയുണ്ട്. എസ്.ഡി.പി.ഐ നാല് വാർഡുകളിൽ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്.
ബി.ജെ.പിയുടെ അഞ്ചുവർഷത്തെ പോരായ്മകൾ നിരത്തിയും ഭരണത്തിലും ഭരണകക്ഷികൾക്കിടയിലുമുണ്ടായ പൊട്ടിത്തെറികളും നിരത്തിയും എൽ.ഡി.എഫും യു.ഡി.എഫും ജനങ്ങളുടെ മുന്നിലേക്കെത്തുമ്പോൾ അഞ്ച് വർഷത്തിൽ ചെയ്ത ഭരണ നേട്ടങ്ങളുടെ പട്ടിക നിരത്തുകയാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

