മദ്യപാനം പൊലീസിൽ അറിയിച്ചതിന് മർദനം: രണ്ട് യുവാക്കൾ അറസ്റ്റിൽ
text_fieldsവായ്പൂര്: പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്നത് പൊലീസിൽ അറിയിച്ചതിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചുകയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദിച്ച രണ്ട് പേർ അറസ്റ്റിൽ. വായ്പൂര് കുളത്തൂർ നടുഭാഗം ഒരയ്ക്കൽപാറ ഒ.എം. അനൂപ് (39), വായ്പൂര് കുളത്തൂർ കിടാരക്കുഴിയിൽ വീട്ടിൽ കെ.ജി. സൈജു (43) എന്നിവരാണ് പിടിയിലായത്. കോട്ടാങ്ങൽ കുളത്തൂർ പുത്തൂർവീട്ടിൽ വത്സല രാധാകൃഷ്ണന്റെ മരുമകൻ പ്രദീപ് ആണെന്ന് സംശയിച്ച് കഴിഞ്ഞദിവസം രാത്രി 10.30 ഓടെ ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി ദേഹോപദ്രവം ഏൽപിക്കുകയായിരുന്നു.
വധഭീഷണി മുഴക്കിയെത്തിയ പ്രതികൾ വത്സലയുടെ മകൾ രവിതയെ ഹെൽമെറ്റിന് തലക്കടിച്ചു. സംഭവം കണ്ട് ഓടിയെത്തിയ പ്രദീപിനെ ഒന്നാംപ്രതി അനൂപ് കയ്യിൽ കരുതിയ കത്തികൊണ്ട് കുത്താനായി വീശിയെങ്കിലും ഒഴിഞ്ഞുമാറി. രണ്ടാമതും കുത്താൻ കത്തിവീശിയപ്പോൾ തടസ്സം പിടിച്ച വത്സലയെ തലക്കടിക്കുകയും ചെയ്തു.
ആക്രമണത്തിൽ വത്സലക്കും മകൾക്കും പരിക്ക് പറ്റി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ അനൂപും സൈജുവും ഓടി രക്ഷപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരുക്കേറ്റവർ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രവിതയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

