പമ്പയാറ്റിൽനിന്ന് മണൽ കടത്തിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: പമ്പയാറ്റിൽ തുലാപ്പള്ളി മൂലക്കയം കടവിൽനിന്ന് മിനി ടിപ്പർ ലോറിയിൽ മണൽ കടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പിടികൂടി. കൊല്ലമുള മാനേൽ വീട്ടിൽ ടൈറ്റസ് (45), തുലാപ്പള്ളി പട്ടേൽ വീട്ടിൽ കുര്യന്റെ മകൻ സിബിൻ കുര്യൻ (34) എന്നിവരാണ് അറസ്റ്റിലായത്.
രണ്ട് ടിപ്പർ ലോറി പിടിച്ചെടുത്തു. പിടിച്ചെടുത്ത ലോറികളിൽ ഒരെണ്ണത്തിന് ടാക്സിന്റെയും ഫിറ്റ്നസിന്റെയും കാലാവധി കഴിഞ്ഞതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുലാപ്പള്ളി ഏഞ്ചൽവാലി പാതയിൽ ആറ്റുകടവുകളിൽനിന്ന് സ്ഥിരമായി മണൽ കടത്തുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടന്നത്.ഡാൻസാഫ് ടീം അംഗങ്ങളും പമ്പ പൊലീസും ചേർന്നാണ് പ്രതികളെയും ലോറികളും പിടികൂടിയത്. കടവുകളിൽ മണൽ വാരിയിട്ടശേഷം ഒന്നിന് പിറകെ ഒന്നായി ലോറികളെത്തി കടത്തിക്കൊണ്ടുപോകുകയാണ് പതിവ്.
പിടിക്കപ്പെടുമ്പോൾ ഒരു ലോറിയിൽ നിറയെ മണലുണ്ടായിരുന്നു. അതിലെ ഡ്രൈവറെയാണ് പിടികൂടിയത്. രണ്ടാമത്തെ ലോറിയിൽ ലോഡ് കയറ്റിക്കൊണ്ടിരുന്നപ്പോൾ പൊലീസിനെ കണ്ട് ഡ്രൈവറായ സിബിൻ കുര്യൻ കടന്നുകളഞ്ഞു. പിന്നീട് ഇയാൾ അറസ്റ്റിലായി. പമ്പയാറ്റിൽനിന്ന് മണൽവാരാൻ പാസോ അനുമതിപത്രമോ ഇല്ലാതിരിക്കെ, മണൽകടത്തിയതിന് മോഷണക്കുറ്റം കൂടി പ്രതികൾക്കെതിരെ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇത്തരത്തിൽ മണൽ വ്യാപകമായി കടത്തുന്നുണ്ടെന്ന പരാതിയിലാണ് ഡാൻസാഫ് സംഘം റാന്നി ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാറിന്റെയും പമ്പ പൊലീസ് ഇൻസ്‌പെക്ടർ മഹേഷ്‌കുമാറിന്റെയും നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. ഡാൻസാഫ് സംഘത്തിലെ എസ്.ഐ അജി സാമുവലിനെ കൂടാതെ അംഗങ്ങളായ അജികുമാർ, സി.പി.ഒമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു എന്നിവരും പമ്പ പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ സുധീഷ്, അനിൽ കുമാർ, സി.പി.ഒ അരുണ മധു എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

