ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ രണ്ടുപേർ അറസ്റ്റിൽ
text_fieldsസിബു ബാബു, മാത്തുക്കുട്ടി
പത്തനംതിട്ട: ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കൈപ്പട്ടൂർ പുല്ലാഞ്ഞിയിൽ പുതുപറമ്പിൽ വീട്ടിൽ സിബു ബാബു (36), നാരങ്ങാനം കടമ്മനിട്ട കിഴക്കുംകര വീട്ടിൽ മാത്തുക്കുട്ടി (57) എന്നിവരാണ് പിടിയിലായത്.
പത്തനംതിട്ടയിലെ ഒരു ബാറിനു മുന്നിൽ മദ്യപിച്ച് അബോധാവസ്ഥയിലായ കൈപ്പട്ടൂർ സ്വദേശിയായ യുവാവിെൻറ വിരലിലെ വിവാഹമോതിരം സിബു ബാബുവും മറ്റൊരാളും ചേർന്ന് കഴിഞ്ഞദിവസം മോഷ്ടിച്ചിരുന്നു. ഈ സംഭവത്തിൽ സിബു ബാബുവിനെ അറസ്റ്റ് ചെയ്യുകയും മോതിരം, വിറ്റ കടയിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മഞ്ഞനിക്കരയിലും അഞ്ചക്കാലായാലും ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും വീട്ടുപകരണങ്ങളും മോഷ്ടിച്ചതായി തെളിഞ്ഞത്. ഇരുവരും ചേർന്നാണ് മോഷണങ്ങൾ നടത്തിയത്.
മഞ്ഞനിക്കരയിൽ കഴിഞ്ഞവർഷം ജൂലൈയിൽ അടച്ചിട്ട വീടിന്റെ പ്രധാന വാതിൽ പൊളിച്ച് അകത്തുകടന്ന് അടുക്കളയിൽനിന്ന് മൈക്രോവേവ് ഓവനും കുളിമുറിയിലെ ഫിറ്റിങ്ങുകളും ഉൾപ്പെടെ 90,000 രൂപയുടെ ഉപകരണങ്ങൾ പ്രതികൾ മോഷ്ടിച്ചിരുന്നു. മഴക്കാലത്ത് മോഷണം വ്യാപകമാകുന്നത് തടയാൻ രാത്രി പട്രോളിങ് ജില്ലയിൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചെന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ പറഞ്ഞു.
ഡിവൈ.എസ്.പി എസ്. നന്ദകുമാറിെൻറ നേതൃത്വത്തിൽ പത്തനംതിട്ട സി.ഐ ജിബു ജോൺ, സബ് ഇൻസ്പെക്ടർമാരായ രതീഷ് കുമാർ, അനൂപ് ചന്ദ്രൻ, ജോൺസൺ, എ.എസ്.ഐ സവിരാജൻ, എസ്.സി.പി.ഒമാരായ ശിവസുതൻ, സജിൻ പ്രവീൺ, മണിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

