പോത്തുകളെ വാങ്ങി വ്യാജ ചെക്ക് നൽകി കബളിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsസത്താർ, തായത്ത് അലി
പത്തനംതിട്ട: അഗ്രിക്കൾച്ചറൽ ഫാമിൽ നിന്ന് 14 പോത്തുകളെ 715000 രൂപ വില സമ്മതിച്ച് വാങ്ങിക്കൊണ്ടുപോയശേഷം, വ്യാജ ചെക്കുനൽകി കബളിപ്പിച്ച കേസിൽ രണ്ടുപേർ ഏനാത്ത് പൊലീസിന്റെ പിടിയിലായി. കണ്ണൂർ തില്ലങ്കേരി കരിന്ത വീട്ടിൽ തായത്ത് അലി (56), ഒറ്റപ്പാലം ചളവറ കളത്തുംപടീക്കൽ വീട്ടിൽ സത്താർ ( 40) എന്നിവരാണ് അറസ്റ്റിലായത്. ഏനാത്ത് കെ.എസ് ബംഗ്ലാവിൽ സ്ലീബ കോശിയുടെ (69) ഉടമസ്ഥതയിലാണ് കിഴക്കുപുറത്തെ ഫാം പ്രവർത്തിക്കുന്നത്.
മാർച്ച് 27ന് വൈകീട്ട് അഞ്ചിന് പ്രതികൾ പോത്തുകളെ വാങ്ങി കൊണ്ടുപോയശേഷം പണം നൽകാതെ വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചതായാണ് കേസ്. ലോറിയിൽ കയറ്റി കൊണ്ടുപോകുമ്പോൾ ഫാമിലെ ജീവനക്കാരനും കൂടെ പോയിരുന്നു. ഇവയെ ഇറക്കിയശേഷം അലി മാവേലിക്കരയിലെ ഒരു ബാങ്കിലെ ചെക്ക്, ജീവനക്കാരന് കൈമാറുകയായിരുന്നു. നെറ്റ്വർക്ക് തകരാറിലായതിനാൽ പണം പിൻവലിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞതാണ് ചെക്ക് നൽകിയത്. വിവരം ഫോണിൽ വിളിച്ച് അറിയിച്ചത് വിശ്വസിച്ച് ചെക്ക് വാങ്ങി വരാൻ ജീവനക്കാരനോട് ഫാം ഉടമ നിർദേശിച്ചു. പിറ്റേന്ന് ബാങ്കിലെത്തി പണം മാറി എടുക്കാൻ ശ്രമിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്.
തായിത്ത് അലിയുടെ ഒപ്പുകണ്ട ബാങ്ക് മാനേജർ, ഇയാൾ ഇത്തരത്തിൽ മുമ്പും തട്ടിപ്പ് നടത്തിയിട്ടുള്ളതായി തിരിച്ചറിഞ്ഞു. അലിക്ക് വേണ്ടി രണ്ടാം പ്രതിയാണ് പോത്തുകളെ ആവശ്യപ്പെട്ട് ഉടമയെ ബന്ധപ്പെട്ടത്. ഉടമ ഫാമിന്റെ യൂടൂബിലിട്ട വിഡിയോ കണ്ടാണ് സത്താർ അലിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച് തട്ടിപ്പിന് കൂട്ടുനിന്നത്. വിശ്വാസവഞ്ചനക്ക് ഏനാത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എസ്.ഐ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

