പത്തനംതിട്ട നഗരത്തിൽ രണ്ട് അപകടം; ബൈക്ക് യാത്രികന് പരിക്ക്
text_fieldsമാക്കാംകുന്ന് പള്ളിക്കടുത്ത് മിനി ലോറിയും ജീപ്പ് കോമ്പസ് കാറും കൂട്ടിയിടിച്ചു. സ്റ്റേഡിയം ജങ്ഷനിൽ മുന്നിൽ ഡ്യൂക്ക് ബൈക്ക്, കാറിലും സ്കൂട്ടറിലും ഇടിച്ചു. രണ്ട് അപകടത്തിലും ആളപായമില്ല. ഡ്യൂക്ക് ബൈക്ക് ഓടിച്ചിരുന്ന യുവാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കാറുമായി കൂട്ടിയിടിച്ച ലോറിയുടെ മുൻഭാഗം തകരുകയും മുന്നിലെ ടയർ പൊട്ടുകയും ചെയ്തു. കമ്പത്തുനിന്ന് കരിക്കുമായി തിരുവനന്തപുരത്തേക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്.
തിങ്കളാഴ്ച പുലർച്ച രണ്ടോടെയായിരുന്നു അപകടം. മിനി ലോറി റോഡിന്റെ ഒരുവശത്ത് നിർത്തിയിട്ട കാറിൽ ചെന്ന് ഇടിക്കുകയായിരുന്നു. അപകടസമയത്ത് കാറിനുള്ളിൽ രണ്ടുപേരും പുറത്ത് രണ്ടുപേരുമുണ്ടായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോസ്റ്റ് ഓഫിസ് റോഡിലേക്ക് പോയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് ആദ്യം കാറിലും പിന്നീട് സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. രാവിലെ പത്തിനായിരുന്നു സംഭവം. നിസ്സാര പരിക്കേറ്റ യുവാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുമ്പ് ഇതേ സ്ഥലത്തുണ്ടായ അപകടത്തിൽ യുവാവിന് നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.

