നിരണം ഗ്രാമപഞ്ചായത്ത് പിടിക്കാൻ ട്വന്‍റി 20; 13 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsതിരുവല്ല: പത്തനംതിട്ട ജില്ലയിലെ നിരണം ഗ്രാമപഞ്ചായത്ത് പിടിച്ചടക്കാൻ കച്ചമുറുക്കി ട്വന്‍റി 20. പഞ്ചായത്തിലെ 14 വാർഡുകളിൽ പതിമൂന്നിലും ശക്തരായ സ്ഥാനാർഥികളെ നിർത്തി ഭരണം പിടിക്കാനാണ് ട്വന്‍റി 20 തയാറെടുക്കുന്നത്. സ്ഥാനാർഥികൾ നിരണം ഗ്രാമപഞ്ചായത്ത് വരണാധികാരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചു.
വനിതകൾക്ക് പ്രാധാന്യം നൽകിയുള്ള സ്ഥാനാർഥി പട്ടികയാണ് പാർട്ടി തയാറാക്കിയിരിക്കുന്നത്. വാർഡ് ഒന്നിൽ ബീന മാത്യു, രണ്ടിൽ രമ്യ ദാസ്, 3ൽ സുഭാഷ്, 4ൽ ത്രേസ്യാമ്മ ജോർജ്, 5ൽ റെജി ജോസഫ്, 6ൽ എബ്രഹാം തോമസ്, 7ൽ ഡി വിദ്യാ ചന്ദ്രൻ, 8ൽ രാധാമണി സജി, 9ൽ പി പ്രീതി മറിയം, 10ൽ കെ.പി പ്രഭുൽ ചന്ദ്രദേവ്, 11ൽ മറിയാമ്മ തോമസ്, 13ൽ സൗമ്യ ജനാർദ്ദനൻ, 14ൽ എം.എസ് സന്തോഷ് എന്നിവരാണ് നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. വാർഡ് 12ൽ സ്ഥാനാർഥി ഇല്ല. മാങ്ങാ ചിഹ്നത്തിലാണ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.
കിഴക്കമ്പലം അടക്കം നാല് പഞ്ചായത്തുകളാണ് ട്വന്‍റി 20 ഭരിക്കുന്നത്. ഈ പഞ്ചായത്തുകളുടെ വികസനം നേരിൽകണ്ടും കേട്ടും ആണ് പാർട്ടിയിൽ നിരണത്തെ ജനങ്ങൾ ആകൃഷ്ടരായതെന്നും നിരണത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമെന്നും പഞ്ചായത്ത് കോർഡിനേറ്റർ അഡ്വ. സോമനാഥൻ പിള്ള പറഞ്ഞു.
അതേസമയം, മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ നിർത്തി എൽ.ഡി.എഫും യു.ഡി.എഫും മത്സരം രംഗത്തുണ്ട്. 14 വാർഡുകളിൽ 11ൽ സ്ഥാനാർഥികളുമായി എൻ.ഡി.എയും രംഗത്തുണ്ട്. ട്വന്റി20യുടെ കടന്നുവരവ് തെരഞ്ഞെടുപ്പ് രംഗത്ത് ഒരു കാരണവശാലും ഭീഷണിയാവില്ലെന്ന് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണി നേതാക്കൾ പ്രതികരിച്ചു. ശക്തമായ ചതുഷ്കോണ മത്സരത്തിനാവും ഇക്കുറി നിരണം സാക്ഷിയാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

