മരച്ചില്ലകൾ മുറിച്ചുമാറ്റി; ദേശാടനക്കിളികൾ വീണ് ചത്തു
text_fieldsഉദ്ഘാടനവേദിക്കരികിൽ പറക്കാൻ കഴിയാതെ മുറിച്ചിട്ട മരക്കൊമ്പിൽ അഭയംപ്രാപിച്ച ദേശാടനക്കിളികൾ
പന്തളം: സാമി അയ്യപ്പൻ ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടന മുന്നൊരുക്കത്തിന്റെ ഭാഗമായി ദേശാടനക്കിളികൾ കൂടുകൂട്ടിയിരുന്ന മരച്ചില്ലകൾ മുറിച്ചുമാറ്റിയതിൽ വ്യാപക പ്രതിഷേധം. കമ്പുകൾ മുറിച്ചതിനു പിന്നാലെ നിരവധി ദേശാടനക്കിളികൾ താഴെവീണ് ചത്തു.
പന്തളം നഗരസഭയുടെ പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡ് ഉദ്ഘാടനത്തിനായി ചൊവ്വാഴ്ച കേന്ദ്രമന്ത്രി ജോർജ് കുര്യൻ എത്തുന്നതിന്റെ ഭാഗമായാണ് മരച്ചില്ലകൾ നഗരസഭയുടെ മേൽനോട്ടത്തിൽ മുറിച്ചുമാറ്റിയത്. ചൊവ്വാഴ്ച രാവിലെയാണ് രണ്ടു മരങ്ങളുടെ കൊമ്പുകൾ മുറിച്ചത്. ഈ മരച്ചില്ലകളിൽ സീസൺ കാലയളവിൽ ദേശാടനക്കിളികൾ ദൂരദേശങ്ങളിൽ നിന്നും പറന്നെത്തി കൂടുകൂട്ടുന്നത് പതിവ് കാഴ്ചയായിരുന്നു. മൊട്ടയിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞ ശേഷമാണ് ഇവ മടങ്ങുക. ഇങ്ങനെ കുഞ്ഞുങ്ങൾ കഴിഞ്ഞിരുന്ന കൂടുകൾ അടക്കമുള്ളവയാണ് നശിപ്പിച്ചത്.
നിരവധി പക്ഷികളാണ് ചത്തുവീണത്. പറന്നുയരാൻ പോലും കഴിയാതെ പലതും നിലത്ത് കടന്ന് ഇഴയുന്ന കാഴ്ചയും കാണാമായിരുന്നു. പുതിയ സ്വാമി അയ്യപ്പൻ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ ടെർമിനലിന് സമീപം രണ്ട് കൂറ്റൻ മാവുകളിലായി അഞ്ഞൂറോളം പക്ഷികളാണ് ഉണ്ടായിരുന്നത്. അവശേഷിക്കുന്ന കൊമ്പുകളിൽ ഒറ്റപ്പെട്ട പക്ഷികൾ മാത്രമേ ഇപ്പോഴുള്ളൂ.
2023 ജൂൺ ഏഴിന് നഗരസഭ മുൻകൈയെടുത്ത് 2.2 ലക്ഷം മുടക്കി പന്തളം പബ്ലിക് മാർക്കറ്റിനു മുന്നിലെ മരച്ചില്ലകൾ മുറിച്ചുമാറ്റിയിരുന്നു. ഇവിടെ തമ്പടിക്കുന്ന നൂറുകണക്കിനു പക്ഷികളുടെ കാഷ്ഠം നിരത്തിൽ വീഴുന്നതു മൂലമുള്ള മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായിരുന്നു ഇത്. അവിടെ വലയിട്ട് മരം സംരക്ഷിക്കുകയും ചെയ്തു. ഈ മരച്ചില്ലകൾ മുറിച്ചുമാറ്റിയപ്പോൾ അവിടെ നിന്ന് എത്തിയവയാണ് പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപത്തെ മരത്തിലേക്ക് ചേക്കേറിയത്. ഇതാണ് മന്ത്രി വരുന്നതിനു മുന്നോടിയായി മുറിച്ചുമാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

