ശബരിമല തീർഥാടകരെ വരവേൽക്കാൻ ഒരുക്കങ്ങളായി
text_fieldsപത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്തെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി ജില്ല ഭരണകൂടം. ആരോഗ്യം, ദുരന്തനിവാരണം, ഭക്ഷ്യ-സുരക്ഷ, സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി തുടങ്ങിയ വിവിധ വകുപ്പുകളുടെയെല്ലാം മൂന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.
ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന കലക്ടറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ക്കായി തയാറെടുപ്പുകൾ പൂർത്തിയാക്കി.
സൂക്ഷ്മ പഠനങ്ങള്‍ക്ക് ശേഷം നിശ്ചയിക്കപ്പെട്ട അവശ്യവസ്തുക്കളുടെ വില നിലവാരപ്പട്ടിക കലക്ടര്‍ പുറപ്പെടുവിച്ചു. ഹൈകോടതിയുടെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ പട്ടിക അഞ്ച് ഭാഷകളിൽ പ്രസിദ്ധീകരിച്ചു.
ഇവ തീര്‍ഥാടകര്‍ക്ക് വ്യക്തമായി കാണാന്‍ കഴിയുന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ടെന്നും അമിത വില ഈടാക്കുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. സ്റ്റീല്‍, ചെമ്പ്, പിത്തള തുടങ്ങിയ പാത്രങ്ങള്‍ക്കും കലക്ടര്‍ വില നിശ്ചയിച്ച് ഉത്തരവ്പുറപ്പെടുവിച്ചിട്ടുണ്ട്. അഞ്ച് ഗ്യാസ് സിലിണ്ടറില്‍ കൂടുതല്‍ കൈവശംവെക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ല.
വിപണിയില്‍ കൃത്യമായി അളവും തൂക്കവും പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നാല് സ്ക്വാഡുകള്‍ ശബരിമലയില്‍ തയാറാണ്. മുദ്ര പതിക്കാത്ത അളവുപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധിക്കും. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലെ മൂന്ന് ആശുപത്രികളും നീലിമല,അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കാര്‍ഡിയോളജി സെന്ററുകളും ആരോഗ്യവകുപ്പ് സജ്ജമാക്കി.
ജീവനക്കാരും ടൈഫോയിഡ് വാക്സിനേഷന് കാര്‍ഡും ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമായും കൈവശം കരുതണം. സര്‍ക്കാര്‍ ക്യാന്റീനുകളും സ്ഥാപനങ്ങളും അടക്കമുള്ളിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും. പുകയില നിരോധിത മേഖലയായ ശബരിമലയില്‍ നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം തടയാന്‍ പരിശോധനകള്‍ കര്‍ശനമാക്കും. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പമ്പ, നിലയ്ക്കല്‍ ബസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ചെയിന്‍ സര്‍വീസുകളും ചാര്‍ട്ടേര്‍ഡ് സര്‍വീസുകളും അടക്കമുള്ള ക്രമീകരണങ്ങളും ഗ്രൂപ്പ് ടിക്കറ്റ്, ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനങ്ങളും ഒരുക്കി കെ.എസ്.ആര്.ടി.സിയും പത്തനംതിട്ടയിലേക്ക് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
പൊലീസ് മേധാവി ഇന്ന് പമ്പയില്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ബുധനാഴ്ച പമ്പയില്‍ എത്തും. രാവിലെ 11.30 ന് ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ പൊലീസ് ഓഫീസര്‍മാരെ അദ്ദേഹം അഭിസംബോധന ചെയ്യും. ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എം.ആര്. അജിത്ത് കുമാര്‍, ദക്ഷിണമേഖലാ ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍, പൊലീസ് ആസ്ഥാനത്തെ ഐ.ജി നീരജ് കുമാര്‍ ഗുപ്ത, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആര്.നിശാന്തിനി എന്നിവരും പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ല പൊലീസ് മേധാവിമാരും പങ്കെടുക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ സ്പെഷ്യല്‍ ഓഫീസര്‍മാരും അസി. സ്പെഷ്യല്‍ ഓഫീസര്‍മാരും സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

