പിക്അപ് വാൻ ഡ്രൈവറിന്റെ സമയോചിത നീക്കം; ഒളിച്ചോടിയ പെൺകുട്ടികളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു
text_fieldsrepresentational image
പത്തനംതിട്ട: മാന്നാറിലെ ബാലികസദനത്തിൽനിന്ന് ഒളിച്ചോടിയ നാലു പെൺകുട്ടികളെ സമയോചിത നീക്കത്തിലൂടെ പിക്അപ് വാൻ ഡ്രൈവർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ശനിയാഴ്ച പുലർച്ച 12ഓടെയാണ് 16, 17 വയസ്സ് വീതമുള്ള നാലു പെൺകുട്ടികൾ ബാലികസദനത്തിലെ മതിൽ ചാടി രക്ഷപ്പെട്ടത്. മാന്നാർ ടൗണിൽ എത്തിയ കുട്ടികൾ ഇതുവഴി വന്ന പിക്അപ് വാനിന് കൈകാണിച്ചു.
എവിടെ പോകണമെന്ന് ചോദിച്ച ഡ്രൈവറോട് കുട്ടികളിൽ ഒരാൾ കുമ്പഴയിൽ എന്നാണ് മറുപടി നൽകിയത്. അമ്പലപ്പുഴ, കുമ്പഴ, നൂറനാട്, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളാണ് രക്ഷപ്പെട്ടത്. വാൻ ഡ്രൈവർ തന്ത്രപൂർവം കുട്ടികളെ വാഹനത്തിൽ കയറ്റി നേരെ പത്തനംതിട്ടയിൽ എത്തി. കുമ്പഴയിലേക്ക് പോകുന്നതിനു പകരം നേരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തങ്ങൾക്ക് ബാലികസദനത്തിൽ കഴിയാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ് ഒളിച്ചോടിയതെന്ന് കുട്ടികൾ പറഞ്ഞു. സ്റ്റേഷനിലെ വനിത പൊലീസുകാർ കുട്ടികൾക്ക് കൗൺസലിങ് നൽകി. കുട്ടികളെ കാണാതായത് സംബന്ധിച്ച് മാന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. അവിടെ നിന്ന് വനിത പൊലീസ് അടക്കം എത്തി കുട്ടികളെ ഏറ്റെടുത്തു. കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കി ഒളിച്ചോടാൻ ഉണ്ടായ കാരണം കണ്ടെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

