മൂന്നു വയസ്സുകാരിയെ തെരുവുനായ് ആക്രമിച്ചു; പത്തനംതിട്ട ജില്ലയിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു
text_fieldsതെരുവുനായ് ആക്രമണത്തിൽ പരിക്കേറ്റ സുകന്യ
പത്തനംതിട്ട: ഓമല്ലൂർ പൈവള്ളിയിൽ മൂന്നു വയസ്സുകാരിക്ക് തെരുവുനായുടെ ക്രൂരമായ ആക്രമണം. പൈവള്ളി ചരുവിൽ പ്രതിഭയുടെ മകൾ സുകന്യയെയാണ് ആക്രമിച്ചത്. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്നായിരുന്നു ആക്രമണം. കണ്ണിനടക്കം മുഖത്ത് കടിയേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈവള്ളി വാർഡിലെ മറ്റ് ചിലരെയും നായ് ഓടിനടന്ന് കടിച്ചു. രാവിലെ ഒരു വൈദികനേയും തെരുവുനായ് കടിച്ചിരുന്നു. നായ്ക്ക് പേവിഷബാധയുള്ളതായി നാട്ടുകാർ പറഞ്ഞു.
ജില്ലയുടെ പല ഭാഗത്തും തെരുവുനായ് ശല്യം വർധിച്ചിരിക്കയാണ്. ജില്ല ആസ്ഥാനത്ത് നായ്ക്കൾ വലിയ ഭീഷണിയായിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഭിക്ഷാടകരടക്കം ആറ് യാത്രക്കാരെയാണ് തെരുവുനായ് ആക്രമിച്ചത്.
പ്രസവിച്ചുകിടന്ന നായാണ് പലരെയും ആക്രമിച്ചത്. അഞ്ച് കുട്ടികളുമായി ഈ നായ് യാത്രക്കാർ കടന്നുപോകുന്ന വഴിയിലാണ് കിടക്കുന്നത്. യാത്രക്കാർ ബസിൽ കയറാനുള്ള തിരക്കിൽ നായ്ക്കൂട്ടത്തെ കാണാതെ അവയെ തട്ടുകയോ മറ്റോ ചെയ്താൽ പിറകെ പാഞ്ഞെത്തി കടിക്കുകയാണു ചെയ്യുന്നത്. മൂന്നു ദിവസം മുമ്പും ഇങ്ങനെ ഒരാൾക്ക് കടിയേറ്റിരുന്നു.
കൂടുതൽ നായ്ക്കൾ ബസ്സ്റ്റാൻഡിലെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിട്ടുണ്ട്. ഇവക്ക് തീറ്റ നൽകുന്നത് ഡിപ്പോയിലെ ചില ജീവനക്കാരാണെന്ന ആരോപണവുമുണ്ട്. കൃത്യമായി തീറ്റ ലഭിക്കുന്നതിനാലാണ് ഇവ സ്റ്റാൻഡ് വിട്ടു പോകാത്തതെന്നാണ് ആക്ഷേപം.
നഗരത്തിൽ പല ഭാഗത്തും തെരുവുനായ് ശല്യം ജനത്തെ വലക്കുന്നു. പുതിയ ബസ് സ്റ്റാൻഡിലേക്ക് യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം തെരുവുനായ്ക്കൾ നിറഞ്ഞിരിക്കയാണ്. ഭക്ഷണം കിട്ടാതെ വരുമ്പോൾ ചില വീടുകളിൽ കയറി വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യാറുണ്ട്. പഴയ സ്വകാര്യ ബസ് സ്റ്റാൻഡ് യാർഡിൽ യാത്രക്കാർ കടന്നുപോകുന്ന വഴിയിലും ഇരിപ്പിടത്തിനു താഴെയുമായാണ് നായ്ക്കൾ കിടക്കുന്നത്. സ്കൂൾ കുട്ടികളടക്കം ഒട്ടേറെ പേർ വന്നുപോകുന്ന ഇവിടെയും നായ്ക്കൾക്കു ഭക്ഷണം നൽകാൻ ചിലരുള്ളതാണ് ഇവ സ്റ്റാൻഡ് വിട്ടു പോകാത്തതിന്റെ കാരണമെന്നു വ്യാപാരികൾ പറയുന്നു.
റിങ് റോഡിൽ പല ഭാഗത്തും ഭക്ഷണമാലിന്യം തള്ളുന്നതിനാൽ ഈ ഭാഗങ്ങളിലെല്ലാം നായ്ശല്യവുമുണ്ട്. മേലേവെട്ടിപ്രം, താഴെവെട്ടിപ്രം, പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിനു പിൻവശം, പഴയ സ്റ്റാൻഡ്, മാർക്കറ്റ്, മിനി സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം തെരുവുനായ് ശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

