നഗരസഭ വാർഡ് വിഭജനം; ജില്ലയിൽ വർധിച്ചത് മൂന്ന് വാർഡ്
text_fieldsപത്തനംതിട്ട: നഗരസഭകളിലെ വാർഡ് വിഭജനം പൂർത്തിയാക്കി അന്തിമ വിജ്ഞാപനം പുറത്തുവന്നതോടെ ജില്ലയിൽ വർധിച്ചത് മൂന്ന് വാർഡുകൾ. പത്തനംതിട്ട, അടൂർ, പന്തളം നഗരസഭകളിലായി ഓരോ വാർഡുവീതമാണ് കൂടിയത്. അതേസമയം, തിരുവല്ലയിൽ മാറ്റമില്ല. പത്തനംതിട്ടയിൽ നോർത്ത് വൈ.എം.സി.എ (25), അടൂരിൽ മുൻസിപ്പൽ ഓഫിസ്, പന്തളത്ത് മന്നം ആയൂർവേദ കോളജ് എന്നീ പേരുകളിലാണ് പുതിയ വാർഡുകൾ നിലവിൽ വന്നിരിക്കുന്നത്.
പത്തനംതിട്ട നഗരസഭയിലെ 30 (അഞ്ചക്കാല), രണ്ട് (ടൗൺ) എന്നീ വാർഡുകൾ വിഭജിച്ചാണ് നോർത്ത് വൈ.എം.സി.എ എന്ന പേരിൽ പുതിയ വാർഡിന് രൂപം നൽകിയത്. പഞ്ചായത്തുകളിലെ വാർഡ് വിഭജനം നേരത്തെ പൂർത്തിയായിരുന്നു. ഇതനുസരിച്ച് പഞ്ചായത്തുകളിൽ 45 വാർഡും ബ്ലോക്ക് പഞ്ചായത്തുകളിൽ എട്ട് ഡിവിഷനുകളും ജില്ല പഞ്ചായത്തിൽ ഒരു ഡിവിഷനും കൂടിയിരുന്നു.
നഗരസഭകളിലെ വാർഡുകൾ ഇങ്ങനെ
(പഴയ എണ്ണം ബ്രാക്കറ്റിൽ)
അടൂർ 29 (28)
പന്തളം 34 (33)
പത്തനംതിട്ട 33 (32)
തിരുവല്ല 39 (39) (മാറ്റമില്ല)

