മൂന്നു മാസം; ലഹരിക്കേസുകളിൽ 449 അറസ്റ്റ്
text_fieldsകലക്ടറേറ്റില്‍ നടന്ന എക്സൈസ് ജില്ലതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗം
പത്തനംതിട്ട: ലഹരിക്കേസുകളിൽ മൂന്നുമാസത്തിനിടെ ജില്ലയിൽ അറസ്റ്റിലായത് 449 പേർ. 485 അബ്കാരി കേസുകളിലായാണ് അറസ്റ്റ്. 106 പേർ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിലാണ് പിടിയിലായത്. ജില്ല തല വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തിലാണ് എക്സൈസ് ഇക്കാര്യം അറിയിച്ചത്.
മൂന്നു മാസത്തിനിടെ ജില്ലയില്‍ എക്‌സൈസ് 2328 റെയ്ഡ് നടത്തി. അബ്കാരി- എന്‍.ഡി.പി.എസ് കേസില്‍ 21,110 രൂപയും ഒമ്പത് വാഹനവും പിടിച്ചെടുത്തു. 2697 കേസിലായി 205.515 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് 5,39,000 രൂപ പിഴ ഈടാക്കി.
പൊലീസ്, വനം വകുപ്പുകളുമായി ചേര്‍ന്ന് വനമേഖലയില്‍ നടത്തിയ പരിശോധനയില്‍ 485 അബ്കാരി കേസില്‍ 2,867 ലിറ്റര്‍ കോട, 637 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, 41 ബിയര്‍, 48 ലിറ്റര്‍ കള്ള്, 32.5 ലിറ്റര്‍ ചാരായം, 3.5 ലിറ്റര്‍ വ്യാജമദ്യം എന്നിവ കണ്ടെത്തി. കള്ള് ഷാപ്പുകളില്‍ 616 പരിശോധന നടത്തി 108 സാമ്പിള്‍ ശേഖരിച്ചു രാസപരിശോധനക്ക് അയച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.
ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ എക്സൈസ്, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തില്‍ പട്രോളിങ് ശക്തമാക്കാനും യോഗം തീരുമാനിച്ചു. ക്രിസ്മസ്, പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് ഉല്‍പാദനം, വിതരണം തടയാന്‍ വിപുലമായ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം എക്‌സൈസ് വകുപ്പ് ഏര്‍പ്പെടുത്തി. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ഓഫിസില്‍ 24 മണിക്കൂറുമുള്ള എക്സൈസ് കണ്‍ട്രോള്‍ റൂമും രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റും രൂപവത്കരിച്ചു. സംശയാസ്പദ സാഹചര്യത്തില്‍ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമും ഷാഡോ എക്സൈസ് ടീമും സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകള്‍ സംയുക്തമായി മദ്യ ഉല്‍പാദന-വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും റെയ്ഡ് നടത്തും.
പ്രധാനപാതകളില്‍ എക്‌സൈസ് നിരീക്ഷണം ശക്തമാക്കി. കള്ളുഷാപ്പ്, ബാര്‍, മറ്റ് ലൈസന്‍സ് സ്ഥാപനങ്ങള്‍ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കും. നിരോധിത പുകയില ഉല്‍പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വില്‍പന തടയാന്‍ പരിശോധന നടത്തും.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിൽ എ.ഡി.എം ബി. ജ്യോതി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ എം. സൂരജ്, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബി. അനില്‍, മദ്യവര്‍ജനസമിതി സംസ്ഥാന സെക്രട്ടറി ബേബികുട്ടി ഡാനിയേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

