ജപ്തി ഉത്തരവ് നടപ്പാക്കുന്നതിൽ ഒളിച്ചുകളിച്ച് കലക്ടർ ദിവ്യ എസ്. അയ്യർ
text_fieldsപത്തനംതിട്ട: ഹൈകോടതി നിർദേശപ്രകാരം പത്തനംതിട്ട സബ് കോടതിയുടെ ജപ്തി ഉത്തരവ് നടപ്പാക്കുന്നതിൽ ഒളിച്ചുകളിച്ച് കലക്ടർ ഡോ. ദിവ്യ എസ്. അയ്യരും ഉന്നത ഉദ്യോഗസ്ഥരും. ജില്ല മജിസ്ട്രേറ്റിന്റെ ചുമതലകൂടി വഹിക്കുന്ന കലക്ടർ തന്നെ നീതിന്യായ പീഠത്തിന്റെ ഉത്തരവിനെ കബളിപ്പിക്കുന്നത് നിയമമേഖലകളിൽ ചർച്ചയായിട്ടുണ്ട്. കലക്ടറുടെ അടക്കം അഞ്ച് ഒൗദ്യോഗിക വാഹനങ്ങൾ ജപ്തി ചെയ്യാൻ കഴിഞ്ഞദിവസം രണ്ട് പ്രാവശ്യം പത്തനംതിട്ട കലക്ടറേറ്റിലെത്തിയ ആമീനെ കബളിപ്പിച്ച് വാഹനങ്ങൾ കടത്തിയ സംഘം കോടതി ഉത്തരവിൽ പറയുന്ന കലക്ടറുടെ അക്കൗണ്ടിൽനിന്ന് മൂന്നുകോടിയും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി.
പത്തനംതിട്ട റിങ് റോഡിനുവേണ്ടി 2008ൽ ഏറ്റെടുത്ത മൂന്ന് സെന്റ് സ്ഥലത്തിന്റെ നഷ്ടപരിഹാരമായി പലിശ ഉൾപ്പെടെ 38 ലക്ഷം രൂപ ഭൂവുടമക്ക് നൽകാൻ വൈകിയതാണ് ജപ്തിയിലേക്ക് നീണ്ടത്. ഹൈകോടതി ഉത്തരവ് പ്രകാരം 2023 ഏപ്രിൽ 23ന് മുമ്പ് ഉടമക്ക് പൊതുമരാമത്ത് വകുപ്പും ജില്ല ഭരണകൂടവും പണം കൈമാറണം. ഭൂമിയേറ്റെടുത്തതിന് നഷ്ടപരിഹാരം നൽകേണ്ടത് മരാമത്ത് വകുപ്പാണ്.
കലക്ടറേറ്റിൽനിന്ന് പണം ആവശ്യപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറിക്ക് കത്തയച്ചെങ്കിലും ലഭിച്ചിട്ടില്ല. പണംകൈമാറാതെ വന്നതോടെ മേൽക്കോടതി ഉത്തരവ് നടപ്പാക്കാൻ പത്തനംതിട്ട സബ്കോടതി ജഡ്ജി എസ്. ഷാനവാസ് ജപ്തി നിർദേശം നൽകി. തുടർന്ന് വാഹനങ്ങൾ ജപ്തി ചെയ്യാൻ ആമീൻ അനീഷ് കഴിഞ്ഞദിവസം പത്തനംതിട്ട കലക്ടറേറ്റിൽ എത്തിയതോടെയാണ് ഉദ്യോഗസ്ഥ ഗൂഢസംഘം തന്ത്രങ്ങൾ നീക്കിയത്.
കലക്ടർ ദിവ്യ എസ്. അയ്യർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനമായ കെ.എൽ 03 ഡബ്ള്യൂ. 3636 ഇന്നോവ, എ.ഡി.എം രാധാകൃഷ്ണൻ ഉപയോഗിക്കുന്ന കെ.എൽ 03 വി.5135 ഇന്നോവ, ഹുസൂർ ശിരസ്തദാറിന്റെ കെ.എൽ 03 ആർ 8001 ബൊലേറോ, ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടർ കെ.എൽ 03 ഡബ്ല്യു.9999, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെ സിഫ്റ്റ് ഡിസയർ കെ.എൽ 03 ടി 8400 എന്നീ വാഹനങ്ങളാണ് ജപ്തി ചെയ്യാൻ എത്തിയത്. വാഹനങ്ങളെല്ലാം കലക്ടറുടെ ഉടമസ്ഥതയിലുള്ളതാണ്. ആമീൻ കോടതി പരിസരത്ത് രണ്ട് പ്രാവശ്യം ഉത്തരവ് നടപ്പാക്കാൻ എത്തിയത് മണത്തറിഞ്ഞ കലക്ടറുടെ ഉദ്യോഗസ്ഥ സംഘം ഉടൻ വാഹനങ്ങളെല്ലാം ഡ്രൈവർമാരുടെ വീടുകളിലേക്ക് മാറ്റി. കലക്ടറാകട്ടെ ഇപ്പോൾ തിരുവല്ല സബ്കലക്ടറുടെ വാഹനത്തിലാണ് യാത്ര.
അതാകട്ടെ ഔദ്യോഗിക വാഹനമാണെന്ന ഒരു സൂചനയും നൽകാതെയും. കലക്ടറുടെ ഉടമസ്ഥതയിൽ അഞ്ച് വാഹനങ്ങൾ കലക്ടറേറ്റ് പരിസരത്ത് കാണുന്നില്ലെന്ന് ആമീൻ അനീഷ് കോടതിക്ക് റിപ്പോർട്ട് നൽകി.
കോടതി ഉത്തരവ് നടപ്പാക്കേണ്ട ജില്ല ഭരണകൂടം ഗൂഢസംഘമായി പ്രവർത്തിച്ചത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായി നിയമമേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. സർക്കാറിന്റെ ഭാഗമായതിനാൽ ഇത്തരം ജപ്തി ഉത്തരവ് സാധാരണമാണെന്നും കോടതിക്ക് സാവകാശം തേടി അപേക്ഷ നൽകുകയാണ് കലക്ടർമാർ ചെയ്യുകയെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മുമ്പ് മോക്ഡ്രില്ലിനിടെ മല്ലപ്പള്ളിയിൽ യുവാവ് ദാരുണമായി മുങ്ങിമരിച്ച സംഭവത്തിൽ സ്ഥലത്ത് പോകാതെ കലക്ട്രേറ്റിൽ നവവത്സര- ക്രിസ്മസ് ആഘോഷം നടത്തിയ കലക്ടർ ദിവ്യയുടെയും എ.ഡി.എം രാധാകൃഷ്ണന്റെയും നിലപാടുകളിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.
ജില്ല ദുരന്ത നിവാരണ വകുപ്പ് അധ്യക്ഷ കൂടിയായ കലക്ടറുടെ കൂടി അനുമതിയോടെയാണ് ദുരന്തമായി മാറിയ മോക്ഡ്രിൽ സംഘടിപ്പിക്കപ്പെട്ടത്. അതേസമയം വിഷയത്തിൽ കലക്ടറുടെ പ്രതികരണം തേടിയെങ്കിലും അവരെ ഫോണിൽ ലഭ്യമായില്ല. ഇതേപ്പറ്റി ഒന്നും പറയാനില്ലെന്നായിരുന്നു എ.ഡി.എം രാധാകൃഷ്ണന്റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

