തോമസ് ഐസക്കിന്റേത് തൊഴിൽ തട്ടിപ്പ് നിയമനടപടി സ്വീകരിക്കും -യൂത്ത് കോൺഗ്രസ്
text_fieldsപത്തനംതിട്ട: പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിയമനം കാത്തിരിക്കുന്നവരെ വഴിയാധാരമാക്കിയവർ നടത്തുന്ന പുതിയ തട്ടിപ്പാണ് ഇപ്പോൾ പത്തനംതിട്ടയിൽ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന വിജ്ഞാന പത്തനംതിട്ടയും ജോബ് ഫെയറുമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ പ്രസ്താവനയിൽ പറഞ്ഞു.
ആത്മാർത്ഥതയുണ്ടെങ്കിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിയമനം കാത്ത് നിൽക്കുന്നവർക്ക് കാലാവധി തീരും മുൻപ് തൊഴിൽ നൽകണം. പാവം പത്തനംതിട്ടക്കാരെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിക്കാൻ ശ്രമിക്കുകയാണ്.
32 മാസത്തിനകം ഏതു തൊഴിലാണ് ലഭിക്കാൻ സാധ്യതയെന്ന് അറിയിക്കുമെന്നാണ് തോമസ് ഐസക്ക് പറയുന്നത്. അപ്പോഴേക്കും തെരഞ്ഞെടുപ്പ് കഴിയും. ജനങ്ങളെ കബളിപ്പിക്കുന്നതിനെതിരെ നിയമ നടപടികൾ കൈക്കൊള്ളുന്ന കാര്യം യൂത്ത് കോൺഗ്രസ് ആലോചിക്കുമെന്ന് വിജയ് ഇന്ദുചൂഡൻ പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് നടത്തുന്ന നിയമന തട്ടിപ്പിനെതിരെ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് ധർണ നടത്തും.

