
എട്ട് കിലോ കഞ്ചാവുമായി ട്രെയിനിൽ വന്നിറങ്ങിയ യുവാവ് അറസ്റ്റിൽ
text_fieldsതിരുവല്ല (പത്തനംതിട്ട): എട്ടു കിലോ കഞ്ചാവുമായി എത്തിയ യുവാവിനെ ഷാഡോ പൊലീസ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽനിന്നും അറസ്റ്റ് ചെയ്തു. പത്തനംതിട്ട വലഞ്ചുഴി മുരിപ്പേൽ പുത്തൻ വീട്ടിൽ സഫദ് മോൻ (27) ആണ് ബുധനാഴ്ച പുലർച്ചെ പിടിയിലായത്.
പുലർച്ചെ 4.30ന് എത്തിയ ചെന്നൈ മെയിലിലെ യാത്രക്കാരനായിരുന്നു സഫദ്. ട്രെയിനിറങ്ങി പുറത്തേക്ക് വന്ന സഫദിനെ വാഹന പാർക്കിങ് ഏരിയയിൽ വെച്ച് ഷാഡോ സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. രണ്ട് പായ്ക്കറ്റുകളിലായി ട്രാവൽ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് പ്രതിയിൽനിന്നും കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി.
ആർ.ഡി.ഒ കെ ചന്ദ്രശേഖരൻ പിള്ളയുടെ സാന്നിധ്യത്തിൽ മേൽനടപടി പൂർത്തിയാക്കിയശേഷം പ്രതിയെ കഞ്ചാവടക്കം തിരുവല്ല പൊലീസിന് കൈമാറി. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇതര സംസ്ഥാനങ്ങളിൽനിന്നും കഞ്ചാവ് എത്തിച്ചിരുന്ന സഫദ് ആദ്യമായാണ് പിടിയിലാകുന്നത്.
ഷാഡോ പൊലീസ് എസ്.ഐ വിൽസൺ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ സുജിത്ത്, മിഥുൻ ജോസ്, അഖിൽ, ശ്രീരാജ്, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.