സ്പായിലെ അതിക്രമം; പൊലീസ് പ്രതിക്കൂട്ടിൽ
text_fieldsതിരുവല്ല: മഞ്ഞാടിയിൽ പട്ടാപ്പകൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും ഉപഭോക്താവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് പ്രതിക്കൂട്ടിൽ.
തിരുവല്ലയിലെ സ്പാകളിൽ പൊലീസിലെ ചില ഉദ്യോഗസ്ഥർ നടത്തുന്ന പിരിവുസംബന്ധിച്ച കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പൊലീസിന്റെ പിരിവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഴിഞ്ഞ ഒന്നിന് ഗുണ്ടാസംഘം സ്പായിൽ കയറി പണം ചോദിക്കുകയും കിട്ടാതെ വന്നപ്പോൾ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്തത്.
ഗുണ്ടാ നേതാവ് മരണ സുബിൻ എന്ന സുബിൻ അലക്‌സാണ്ടറും മറ്റ് അഞ്ചുപേരും ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്.
പൊലീസിന് മാസപ്പടി നൽകിയാണ് മിക്ക സ്പാകളും പ്രവർത്തിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം മാസപ്പടി ലഭിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾ പൊലീസ് റെയ്‌ഡ് അടക്കം ഒഴിവാക്കാനാണ് മാസപ്പടി നൽകിവരുന്നത്.
സ്പെഷൽ ബ്രാഞ്ച് പൊലീസുകാരനും വള്ളംകുളം സ്വദേശിയായ ഡിവൈ.എസ്.പി ഓഫിസിൽനിന്നുള്ള പൊലീസുകാരനുമടക്കം ഇവിടെ നേരിട്ട് ചെന്ന് പിരിവ് നടത്താറുണ്ട് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇത് കാരണം ഇവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ആരും അറിയുന്നുമില്ല. പൊലീസുകാർക്ക് ചില സ്പാകളിൽ സൽക്കാരവും നൽകുന്ന പതിവുണ്ട്.
ഇത്തരം കാര്യങ്ങൾ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്യേണ്ടത് സ്പെഷൽ ബ്രാഞ്ച് പൊലീസുകാരാണ്. വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്ന പൊലീസുകാരനാണ് ഇത്തരം സ്ഥാപനങ്ങൾക്ക് കുട പിടിക്കുന്നത്.
മൂന്നു വർഷം കഴിയുമ്പോൾ സാധാരണ പൊലീസുകാർക്ക് മാറ്റം ഉണ്ടാകാറുണ്ട്. എന്നാൽ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചിലർ മാത്രം ഒരേ സ്ഥലത്തു തുടരുകയാണ്. ഇവർ ഈ ബലത്തിൽ തന്നെയാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത്.
തിരുവല്ലയിലെ സ്പായിൽ ബലാത്സംഗം നടത്തിയ കേസിലെ പ്രതികൾക്ക് വേണ്ടിയും രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങൾക്കു ഈ വിവരം നൽകാതിരുന്നതും ഇത് കൊണ്ട് തന്നെയാണ്. ഭരണപക്ഷത്തെ നേതാവാണ് ഇതിനു പിന്നിലെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

