റോഡിലെ കുഴിയിൽ വീണ് വീണ്ടും അപകടം; രണ്ടു പേർക്ക് പരിക്ക്
text_fieldsതിരുവല്ല: നിർമാണം പാതിവഴിയിൽ നിലച്ച കാവുംഭാഗം-ചാത്തങ്കരി റോഡിലെ കുഴിയിൽ വീണ് വീണ്ടും ഇരുചക്രവാഹന യാത്രികർക്ക് പരിക്ക്. കോൺഗ്രസ് പെരിങ്ങര മണ്ഡലം വൈസ് പ്രസിഡന്റ് തുണ്ടിയിൽ വീട്ടിൽ ജിജി ചാക്കോ (50 ), മകൾ ജാനിസ് ( 22 ) എന്നിവർക്കാണ് പരിക്കേറ്റത്. പെരിങ്ങര കോസ്മോസ് ജങ്ഷന് സമീപത്തെ കുഴിയിൽ വീണ് ഇവർ സഞ്ചരിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു അപകടം. തിരുവല്ല താലൂക്ക് ആശുപത്രിയിൽ നഴ്സായ ജാനിസുമായി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ജിജിയുടെ ഇടതു കാൽമുട്ട് മുറിഞ്ഞു. നട്ടെല്ലിന് ചതവും സംഭവിച്ചിട്ടുണ്ട്. ജാനിസിന്റെ പരിക്ക് നിസ്സാരമാണ്.
ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് കഴിഞ്ഞ മാസം 20ന് പെരിങ്ങര എട്ടാം വാർഡിലെ സി.ഡി.എസ് എ.ഡി.എസ് സെക്രട്ടറി അഴിയിടത്തുചിറ മണ്ണാംപറമ്പിൽ അജിത അനിൽ, സി.ഡി.എസ് അംഗം ചങ്ങമത ചിറയിൽ കൈലാസം വീട്ടിൽ പ്രസന്ന സോമൻ എന്നിവർക്ക് പരിക്കേറ്റിരുന്നു. സംഭവം വാർത്തയായതോടെ നിർത്തിവച്ച പണി പുനരാരംഭിച്ചു. എന്നാൽ കുഴിയടയ്ക്കൽ മാത്രമാണ് നടത്തിയത്. മഴയിൽ റോഡിൽ വീണ്ടും കുഴികൾ നിറഞ്ഞു.
കാവുംഭാഗം കാഞ്ഞിരത്തുംമൂട് പടി മുതൽ ചാത്തങ്കരി മണക്ക് ആശുപത്രി ജങ്ഷൻ വരെ 5.6 കിലോമീറ്റർ ദൂരത്തിൽ റോഡ് ഉന്നത നിലവാരത്തിൽ പുനർ നിർമിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയാണ് കരാർ എടുത്തത്. ജോലികളുടെ ഭാഗമായി നാലു മാസം മുമ്പ് ടാറിങ് പൂർണമായും ഇളക്കിമാറ്റിയിരുന്നു.
കൊട്ടാണിപ്രാൽ വരെ മൂന്നു കിലോമീറ്റർ ബി എം ടാറിങ്ങിന് മുന്നോടിയായ പണികളും നടത്തി. തുടർന്ന് പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി പണികൾ നിർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

