മദ്യം നൽകി പീഡനം: അന്വേഷണം ഊർജിതമാക്കി പൊലീസ്
text_fieldsതിരുവല്ല: രണ്ടുപേർ ചേർന്ന് പീഡിപ്പിച്ച് വിഡിയോയിൽ പകർത്തി സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തിരുവല്ല പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരുവല്ല നഗരത്തിലെ ഹോട്ടൽ എലൈറ്റ് ഇന്റർനാഷനലില് കഴിഞ്ഞമാസം 28നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘത്തിനും രൂപം നൽകിയിട്ടുണ്ട്. കോട്ടയം മണര്‍കാട് സ്വദേശി ബിനു, കാഞ്ഞിരപ്പള്ളി സ്വദേശി ഉമേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പ്രതികള്‍ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുറ്റൂര്‍ തെങ്ങേലി സ്വദേശിനിയാണ് പരാതി നല്‍കിയത്. വിദേശത്തായിരുന്ന യുവതി ബിനുവിനെ അവിടെ പരിചയപ്പെട്ടതാണ്. ഹോട്ടലില്‍ മുറിയെടുത്ത ബിനു യുവതിയെ വിളിച്ചുവരുത്തി. ഉമേഷും മുറിയിലുണ്ടായിരുന്നു. ഇവിടെ മൂവരും ചേർന്ന് മദ്യപിച്ചു. തുടർന്ന്, ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി. തുടർന്ന് ദൃശ്യം പക്കലുള്ളതായി പറഞ്ഞ് യുവതിയോട് പണം ആവശ്യപ്പെട്ടു. പണം നൽകാതെ വന്നതോടെ അശ്ലീല വെബ്സൈറ്റില്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

