തിരുവല്ലയിൽ ഇന്ന് കലയുടെ കളിവിളക്ക് തെളിയും
text_fieldsമഹാത്മാഗാന്ധി സർവകലാശാല യൂനിയൻ കലോത്സവത്തിന്റെ പ്രധാന വേദി
തിരുവല്ല: മഹാത്മാഗാന്ധി സർവകലാശാല യൂനിയൻ കലോത്സവം ‘ഇണൈമൈ’ക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകീട്ട് തിരുവല്ലയിൽ നടക്കുന്ന വർണാഭമായ ഘോഷയാത്രയിൽ കാൽ ലക്ഷം പേർ അണിനിരക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. താളമേളങ്ങളും വർണക്കുടകളും നിശ്ചല ദൃശ്യങ്ങളും സമന്വയിക്കുന്ന വർണാഭമായ ഘോഷയാത്രയുടെ ഒരുക്കം പൂർത്തിയായി.
സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും തിരുവല്ലയിലെ കുടുംബശ്രീ പ്രസ്ഥാനങ്ങളും വിവിധ സാമൂഹിക സാംസ്കാരിക സാമുദായിക, രാഷ്ടീയ, കലാ രംഗങ്ങളിലെ പ്രമുഖരും അംഗങ്ങളും ജനപ്രതിനിധികളും ഇതിൽ പങ്കാളികളാകും. കുറ്റപ്പുഴ മാർത്തോമാ റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ ഗ്രൗണ്ടിൽ നിന്നും വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഘോഷയാത്ര ആരംഭിക്കും.
വൈകീട്ട് അഞ്ചിന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലെ കേരളം എന്ന മുഖ്യവേദിയിൽ കലയുടെ കളിവിളക്ക് തെളിയും. മന്ത്രി സജി ചെറിയാൻ ഈ ഒന്നാം വേദിയിലെ ഉദ്ഘാടന ചടങ്ങിൽ തിരിതെളിക്കും. മാർച്ച് അഞ്ചുവരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ ഒമ്പതുവേദികളിലായി വിവിധ കലാലയങ്ങളിൽ നിന്നുള്ള 11000ൽ പരം വിദ്യാർഥികൾ അണിനിരക്കും. കലാ-സാംസ്കാരിക, സാമൂഹിക, ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് വേദികൾക്ക് പേര് നൽകിയിരിക്കുന്നത്.
‘കേരളം, ആലിൻ ഷെറിൻ, വി.എസ്. അച്യുതാനന്ദൻ, മുണ്ടക്കൈ ചൂരൽമല, ഭാവന, ലൈഫ്, ഷാജി എൻ. കരുൺ, എം.ടി. വാസുദേവൻ നായർ, എം. കെ സാനു’ എന്നിവയാണ് ഒന്നു മുതൽ ഒമ്പത് വരെയുള്ള വേദികളുടെ പേര്. തിരുവല്ല പബ്ലിക് സ്റ്റേഡിയം, മുൻസിപ്പൽ സ്റ്റേഡിയം, മാർത്തോമാ കോളേജ് ഓഡിറ്റോറിയം, ടൈറ്റസ് സെക്കന്റ് ടീച്ചേഴ്സ് ഓഡിറ്റോറിയം, മാർത്തോമാ കോളജ് സെമിനാർ ഹാൾ, കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് ഹാൾ, മാക്സ് ഡിപ്പാർട്ട്മെന്റ് ഹാൾ, ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ഹാൾ, എക്സാം ഹാൾ എന്നിവിടങ്ങളിലാണ് യഥാക്രമം വേദി ഒരുക്കിയിരിക്കുന്നത്. പത്മഭൂഷൻ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം, ചലച്ചിത്ര നടൻ എം.ജി സോമൻ, സംവിധായകൻ കെ.ജി. ജോർജ് എന്നിവരുടെ നാമധേയങ്ങളിൽ കവാടങ്ങൾ ഒരുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

