റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി
text_fieldsതിരുവല്ല: എം.സി റോഡിനെയും ടി.കെ റോഡിനെയും ബന്ധിപ്പിക്കുന്ന തിരുമൂലപുരം-കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽനിന്ന് വയോധികനടക്കം മൂന്ന് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ചെങ്ങന്നൂർ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്ന തിരുവൻവണ്ടൂർ സ്വദേശി കൃഷ്ണൻ നമ്പൂതിരിയും മകളും ഭർത്താവും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അടിപ്പാതയിലെ വെള്ളക്കെട്ടിന്റെ ആഴം അറിയാതെ എത്തിയ യാത്രക്കാരാണ് അപകടത്തിൽപെട്ടത്. മണിമലയാറ്റിൽനിന്നും നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയിൽ നിലവിൽ അഞ്ചടിയോളം ഉയരത്തിൽ വെള്ളമുണ്ട്. അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കാൻ റെയിൽവേ എൻജിനീയറിങ് വിഭാഗം വിവിധ മാർഗങ്ങൾ നോക്കിയിട്ടും ഫലപ്രദമായിരുന്നില്ല. സംഭവത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി എട്ടോടെ അടിപ്പാത വഴിയുള്ള ഗതാഗതം പൊലീസ് തടഞ്ഞു.