ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം പെൺകുഞ്ഞിന്റേത്
text_fieldsതിരുവല്ല: പുളിക്കീഴ് ജങ്ഷന് സമീപത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
ശനിയാഴ്ച രാത്രി 12 മണിയോടെ ഫോറൻസിക് സംഘത്തിന്റെ പരിശോധനയിലാണ് ഇതിൽ വ്യക്തതയുണ്ടായത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ചതുപ്പ് നിലത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. ഏകദേശം മൂന്നുദിവസം പഴക്കംവരുമെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടിക്കുശേഷം ഞായറാഴ്ച പുലർച്ച മൂന്നുമണിയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹം ഉച്ചയോടെ പോസ്റ്റ്മോർട്ടം ചെയ്തു. മൃതദേഹത്തിന്റെ അരയിൽ ജപിച്ചുകിട്ടിയ കറുത്ത ചരടുണ്ട്. സ്നഗിയും ബനിയനും ധരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. കമിഴ്ന്നുകിടന്ന നിലയിലായിരുന്നു. മുഖമടക്കം അഴുകിയിരുന്നു. ഇരു കാൽപാദങ്ങളും ഏതോ ജീവി കടിച്ചെടുത്ത നിലയിലാണ്.
മൃതദേഹത്തിന് സമീപത്തുനിന്ന് പ്ലാസ്റ്റിക് ചാക്കും കണ്ടെടുത്തിരുന്നു. ചതുപ്പിൽനിന്ന് ദുർഗന്ധം വമിച്ചതോടെ സമീപത്ത് പ്രവർത്തിക്കുന്ന സ്ഥാപനയുടമ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെ തിരുവല്ല ഡിവൈ.എസ്.പി എസ്. ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് വീണ്ടും എത്തി വിശദ പരിശോധനകൾ നടത്തിയിരുന്നു. ഫോറൻസിക് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണകാരണം അടക്കം വ്യക്തമാകൂ എന്ന് ഡിവൈ.എസ്.പി പറഞ്ഞു.