മണിമലയാറ്റിലെ മണൽ പുറ്റ് നീക്കംചെയ്യൽ; മണൽക്കൊള്ളയെന്ന പരാതിയുമായി നാട്ടുകാർ
text_fieldsമണിമലയാറ്റിൽ നടക്കുന്ന മണൽനീക്കൽ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
തിരുവല്ല: മണിമലയാറ്റിലെ മണൽ പുറ്റ് നീക്കം ചെയ്യുന്നതിന്റെ മറവിൽ നടക്കുന്നത് മണൽ കൊള്ളയെന്ന പരാതിയുമായി നാട്ടുകാർ. തിരുവല്ല കുറ്റൂർ തോണ്ടറ പാലത്തിന് സമീപം നദിയുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ദ്വീപിന് സമാനമായ മണൽ പുറ്റ് നീക്കം ചെയ്യാൻ കരാർ എടുത്ത കമ്പനി വ്യാപകമായി മണലൂറ്റ് നടത്തുന്നുവെന്നാണ് ആരോപണം.
നദിയിലെ നീരൊഴുക്ക് പൂർവസ്ഥിതിയിലാക്കാൻ മണൽപ്പുറ്റിനോട് ചേർന്ന 580 മീറ്റർ ഭാഗത്തെ 17,000 എം ക്യൂബ് മണൽ നീക്കം നീക്കം ചെയ്യാൻ മൈനർ ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയിരുന്നു. ഇതിന് കരാറും നൽകി. എന്നാൽ, മണൽപ്പുറ്റും സമീപഭാഗവും നീക്കം ചെയ്യുന്നതിന്റെ മറവിൽ മണൽ പുറ്റിന്റെ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ ഡ്രഡ്ജറുകളും ജെറ്റ് പമ്പും ഉപയോഗിച്ച് പി.വി.സി പൈപ്പ് ലൈൻ സ്ഥാപിച്ച് മണൽ നീക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.
ഇതുസംബന്ധിച്ച് പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ഭരണകക്ഷിയിലെ ചില നേതാക്കളുടെ ഒത്താശയും ഇക്കാര്യത്തിൽ ഉണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ചില രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികൾ കരാറുകാരനിൽ നിന്ന് വൻതുക തെരഞ്ഞെടുപ്പ് ഫണ്ടായി സ്വീകരിച്ചതായും ആക്ഷേപമുണ്ട്. നദിയുടെ ആവാസ വ്യവസ്ഥ തന്നെ തകർക്കുന്ന തരത്തിലുള്ള അനധികൃത മണൽ ഖനനത്തിന് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാവണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

