അധ്യക്ഷ സ്ഥാനം; ചർച്ച സജീവമാക്കി മുന്നണികൾ
text_fieldsലേഖ, വിദ്യ വിജയൻ
തിരുവല്ല: തിരുവല്ല നഗരസഭയിൽ ആദ്യമായി പട്ടികജാതി വിഭാഗത്തിൽപെട്ടയാൾ ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നു. 1922ൽ രൂപീകൃതമായ നഗരസഭയിൽ ആദ്യചെയർമാൻ സ്ഥാനം അലങ്കരിച്ചത് റാവു സാഹിബ് സഖറിയ ആയിരുന്നു. തുടർന്ന് ആർ. പൽപ്പുപിള്ള, മാമ്മൻ വർഗീസ്, കെ.എൻ. മാമ്മൻ മാപ്പിള, എം.ഇ. മാധവൻ പിള്ള, ഒ.സി. നൈനാൻ തുടങ്ങിയവർ അധ്യക്ഷ സ്ഥാനം വഹിച്ചു. 37ാമത് ചെയർപേഴ്സനായാണ് യു.ഡി.എഫിൽനിന്നുള്ള പട്ടികജാതി വനിത വിഭാഗത്തിൽപെടുന്ന വിജയി സ്ഥാനം അലങ്കരിക്കുന്നത്.
39 വാർഡുള്ള നഗരസഭയിൽ ഇക്കുറി 18 സീറ്റിലാണ് യു.ഡി.എഫ് വിജയിച്ചത്. എട്ട് സീറ്റുവീതം കോൺഗ്രസും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും പങ്കിട്ടപ്പോൾ മുസ്ലിംലീഗിന്‍റെയും ആർ.എസ്.പിയുടെയും ഓരോ സ്ഥാനാർഥികളും ജയിച്ചു. പട്ടികജാതി വനിത സംവരണ സീറ്റുകളിൽനിന്ന് വിജയിച്ച 21ാം വാർഡ് തിരുമൂലപുരം വെസ്റ്റിൽനിന്ന് വിജയിച്ച എസ്.ലേഖ (കേരള കോൺഗ്രസ് ജോസഫ്), അഞ്ചാം വാർഡായ വാരിക്കാടുനിന്ന് മുസ്ലിം ലീഗ് സ്ഥാനാർഥിയായി വിജയിച്ച വിദ്യ വിജയൻ എന്നിവരെയാണ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
സി.പി.എം -9, സി.പി.ഐ -രണ്ട്, കേരള കോൺഗ്രസ് മാണി വിഭാഗം- 3 എന്നതാണ് എൽ.ഡി.എഫിന്‍റെ കക്ഷിനില. പട്ടികജാതി വനിത സംവരണത്തിൽ ഉൾപ്പെടുന്ന രണ്ട് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞെങ്കിലും ഭൂരിപക്ഷം ഇല്ലാത്തതിനാൽ മത്സര രംഗത്തുനിന്ന് എൽ.ഡി.എഫ് പിന്മാറും എന്നതാണ് സൂചന. എൻ.ഡി.എക്ക് ഏഴ് സീറ്റാണുള്ളത്. അതേസമയം, അധ്യക്ഷ ആരാവണം എന്ന കാര്യത്തിൽ യു.ഡി.എഫിനുള്ളിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് യു.ഡി.എഫ് ജില്ല കൺവീനർ അഡ്വ. വർഗീസ് മാമ്മൻ പ്രതികരിച്ചു. എന്നിരുന്നാലും എട്ടു സീറ്റുള്ള കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ എസ്. ലേഖ ചെയർപേഴ്സൺ ആകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

