നിരണം ഇനി എൽ.ഡി.എഫ് ഭരിക്കും; എം.ജി. രവി പ്രസിഡന്റ്
text_fieldsതിരുവല്ല: സ്വതന്ത്രരുടെ പിന്തുണയോടെ നിരണം പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റും സ്വതന്ത്ര അംഗമായ അന്നമ്മ ജോർജും സ്വതന്ത്രനായ എം.ജി. രവിയും പിന്തുണച്ചതോടെയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. തുടർന്ന് നടന്ന വോട്ടിങ്ങിൽ ഏഴ് വോട്ട് നേടി എം.ജി. രവി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
യു.ഡി.എഫിന് പിന്തുണ നൽകിയിരുന്ന അന്നമ്മ ജോർജ് എൽ.ഡി.എഫ് പാളയത്തിലും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മെഡിക്കൽ പ്രവേശന തട്ടിപ്പ് കേസുകളിൽ മുങ്ങിനടക്കുന്ന മുൻ പ്രസിഡന്റ് കെ.പി. പുന്നൂസ് യോഗത്തിന് എത്തിയില്ല.
യു.ഡി.എഫ്-അഞ്ച്, എൽ.ഡി.എഫ്-അഞ്ച്, സ്വതന്ത്രർ-മൂന്ന് എന്നതായിരുന്നു മുമ്പത്തെ കക്ഷിനില. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നടത്തിയിരുന്നത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം വാഗ്ദാനം ചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തത് അടക്കം നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പുന്നൂസ് കേസുകളിൽ അകപ്പെട്ട് റിമാൻഡിൽ ആവുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്ത സാഹചര്യത്തിൽ മൂന്ന് ആഴ്ച മുമ്പ് എൽ.ഡി.എഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം ഒരു കോൺഗ്രസ് അംഗത്തിന്റെ പിൻബലത്തിലാണ് വിജയിച്ചത്.
അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫിനെ അനുകൂലിച്ച കോൺഗ്രസ് അംഗം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒപ്പം നിന്നു.
കുതിരക്കച്ചവടം - കോൺഗ്രസ്
തിരുവല്ല: നിരണം പഞ്ചായത്തിൽ നടന്നത് രാഷ്ട്രീയമൂല്യങ്ങളെ കാറ്റിൽപറത്തിയുള്ള കുതിരക്കച്ചവടമാണെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച എം.ജി. രവിയെ പ്രസിഡന്റ് ആക്കിയത് ഈ രഹസ്യ അജണ്ടയുടെ ഭാഗമാണ്. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങൾ മാത്രമേ ഉള്ളൂ.
അതിൽ കെ.പി. പുന്നൂസിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ബാക്കി നാല് അംഗങ്ങളും ഒരു സ്വതന്ത്രയുമാണ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥി അലക്സ് പുത്തുപ്പള്ളിയെ പിന്തുണച്ചത്. കോൺഗ്രസ് മുന്നണിയിലേക്ക് വന്ന രണ്ട് സ്വതന്ത്ര അംഗങ്ങൾക്ക് പാർട്ടി അർഹമായ സ്ഥാനം കൊടുത്തെങ്കിലും അതിൽ ഒരു സ്വതന്ത്ര അംഗം സി.പി.എമ്മിന്റെ സമ്മർദ രാഷ്ട്രീയ വലയിൽ പെട്ടുപോയി. ഭരണം നഷ്ടപ്പെട്ടാലും അഴിമതിക്കാരെ സംരക്ഷിക്കില്ല എന്ന നയമാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.