മാതാപിതാക്കളുടെ കൊലപാതകം; മകൻ റിമാൻഡിൽ
text_fieldsതിരുവല്ല: പരുമലയിലെ നാക്കടയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ 50കാരനെ റിമാൻഡ് ചെയ്തു.
പരുമല നാക്കട കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപ്പറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ മകൻ അനിലിനെയാണ് വ്യാഴാഴ്ച വൈകീട്ട് തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്.
കുടുംബ പ്രശ്നത്തെ തുടർന്ന് അനിലും മാതാപിതാക്കളുമായി ഏറെക്കാലമായി കലഹം പതിവായിരുന്നു. സംഭവ ദിവസം രാവിലെ എട്ടോടെ അനിലും പിതാവുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിന് ഒടുവിൽ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് അനിൽ പിതാവ് കൃഷ്ണൻകുട്ടിയെ ആക്രമിക്കുകയായിരുന്നു. തടസ്സംപിടിക്കാൻ എത്തിയ മാതാവിനെയും ഇയാൾ ആക്രമിച്ചു. ഇരുവരുടെയും ശരീരത്തിൽ മാരകമായ പത്തോളം മുറിവുണ്ടായിരുന്നു. സംഭവശേഷം ആയുധവുമായി അക്രമാസക്തനായി നിന്ന പ്രതിയെ പുളിക്കീഴ് പൊലീസും നാട്ടുകാരും ചേർന്നാണ് കീഴ്പ്പെടുത്തിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും മൃതദേഹങ്ങൾ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് വ്യാഴാഴ്ച രാത്രിയോടെ മാറ്റിയിരുന്നു. ഇരുവരുടെയും സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.
മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കായി തിരുവല്ല കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പുളിക്കീഴ് എസ്.എച്ച്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

