ഒഴിയാതെ വെള്ളം; മേപ്രാലിന് ദുരിത കാത്തിരിപ്പ്
text_fieldsമേപ്രാൽ തണുങ്ങാട് ഭാഗത്ത് റോഡിലെ വെള്ളക്കെട്ട്
തിരുവല്ല: വെയിൽ തെളിഞ്ഞിട്ടും മേപ്രാല്‍ വെള്ളത്തിൽതന്നെ. പത്ത് ദിവസംമുമ്പെത്തിയ വെള്ളമാണ് അപ്പർകുട്ടനാടൻ ഗ്രാമമായ മേപ്രാലിനെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്. സമീപസ്ഥലങ്ങളിൽനിന്നെല്ലാം വെള്ളം ഇറങ്ങിയിട്ടും മേപ്രാലിൽ ജലദുരിതം തുടരുകയാണ്.
ഇടവഴികളിലെല്ലാം വെളളം നിറഞ്ഞ സ്ഥിതിയാണ്. രണ്ട് വിദ്യാലയങ്ങളുടെ മൈതാനങ്ങളും വെളളത്തില്‍ മുങ്ങി കിടക്കുകയാണ്. മേഖലയിലെ തണുങ്ങാട് റോഡ് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉൾപ്പെടുത്തി ഉയർത്തി ടാര്‍ ചെയ്തെങ്കിലും അവിടേക്കും വെള്ളമെത്തി. മുണ്ടപ്പള്ളി, തണുങ്ങാട് എന്നീ ജനവാസ കേന്ദ്രങ്ങളിലെ എഴുപതോളം കുടുംബങ്ങൾ ഇപ്പോഴും ദുരിതം അനുഭവിക്കുകയാണ്.
മുട്ടോളം വെളളം കയറിയ റോഡില്‍ യാത്ര അസാധ്യം. വെള്ളം കയറാത്തത് വിരലിൽ എണ്ണാവുന്ന വീടുകളിൽ മാത്രം. ജില്ലയിൽ ആദ്യം തുറക്കുന്ന ദുരിതാശ്വാസ ക്യാമ്പും അവസാനം അടയ്ക്കുന്ന ക്യാമ്പും ഈ പ്രദേശത്താണുള്ളത്.
ഈ സീസണിലെ ആദ്യ വെളളപ്പൊക്കം മേയ് 30ന്
മേയ് 30ന് ഈ സീസണിലെ ആദ്യ വെളളപ്പൊക്കമെത്തി. എല്ലാ വഴികളും മുങ്ങി. ക്യാമ്പുകളിലായിരുന്നു മിക്കവരും കഴിഞ്ഞത്. രണ്ടാഴ്ചയെടുത്തു വീട്ടിലേക്ക് മടങ്ങാന്‍. റോഡില്‍ നിന്ന് വെളളം ഒഴിഞ്ഞില്ലെങ്കിലും പലരും വീടുകളിലെത്തി.
ജൂണ്‍ 15ന് അടുത്ത വെളളം വരവായി. 29 മുതല്‍ താഴ്ന്ന് തുടങ്ങിയിട്ടും മേപ്രാലില്‍ നിന്ന് വെളളം വിട്ടുപോയിട്ടില്ല. പാടശേഖരങ്ങളിലടക്കം വെള്ളം കെട്ടികിടക്കുന്നതിനാൽ കന്നുകാലികൾക്ക് പുല്ലുപോലും കിട്ടാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു. വൈലപ്പളളി റോഡില്‍ ചിലയിടത്ത് മൂന്നടിയുണ്ട് വെളളം. തണുങ്ങാട് കവലയില്‍ ചെമ്പ്രാല്പ്പടിയിലേക്കുളള റോഡിലും ബണ്ടിലേക്കുളള റോഡും വെളളക്കെട്ടിലാണ്. രണ്ടാഴ്ച മുമ്പ് റോഡിലെ വെളളക്കെട്ടില്‍ വീണ വയോധികന് ഇപ്പോഴും ചികിത്സയിലാണ്. 2018ലെ മഹാപ്രളയ ശേഷമാണ് ദുരിതം ഇത്രയധികം വര്‍ധിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

