മാത്യു ടി. തോമസ് ഗാർഹിക നിരീക്ഷണത്തിൽ
text_fieldsതിരുവല്ല: മാത്യു ടി.തോമസ് എം.എൽ.എ സ്വയം ഗാർഹിക നിരീക്ഷണത്തിൽ പ്രവേശിച്ചു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ എം.എൽ.എ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗളൂരു യാത്രക്ക് മുന്നോടിയായി കോവിഡ് ടെസ്റ്റ് നടത്താൻ താലൂക്ക് ആശുപത്രിയിൽ എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് എം.എൽ.എ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.
ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയെ കാണുന്നതിന് മുന്നോടിയായാണ് ഈ മാസം മൂന്നിന് കോവിഡ് ടെസ്റ്റ് നടത്തിയത്.
ഫലം നെഗറ്റിവാണെന്ന് ഉറപ്പിച്ചശേഷം അഞ്ചാം തീയതി രാവിലെ ഫ്ലൈറ്റിൽ ബംഗളൂരുവിലേക്ക് പോവുകയും അന്ന് വൈകീട്ട് തന്നെ ഫ്ലൈറ്റ് മാർഗം തിരിച്ചെത്തുകയും ചെയ്തിരുന്നു.
യാത്ര കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് ആരോഗ്യ പ്രവർത്തകന് സ്ഥിരീകരിച്ച വിവരം അറിഞ്ഞത്. ഒമ്പതാംതീയതി വരെ നിരീക്ഷണത്തിൽ തുടരും.

