താക്കോൽ മറന്നുവെച്ചു; പട്ടാപ്പകൽ സ്കൂട്ടറുമായി കടന്നു
text_fieldsതിരുവല്ല: നഗരമധ്യത്തിലെ രാമൻ ചിറയിൽ നിന്നും താക്കോൽ മറന്നു വെച്ച സ്കൂട്ടറുമായി പട്ടാപ്പകൽ മോഷ്ടാവ് കടന്നു. രാമൻചിറ ഫെഡറൽ ബാങ്കിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് മോഷണം പോയത്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. എസ്.ബി.ഐ മ്യൂച്ചുൽ ഫണ്ടിലെ ജീവനക്കാരനും മാവേലിക്കര സ്വദേശിയുമായ സുജിത്തിന്‍റെ KL-30- G- 5044 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്.
പാർക്ക് ചെയ്ത സ്കൂട്ടറിൽ നിന്നും താക്കോലെടുക്കാൻ സുജിത്ത് മറന്നു പോയിരുന്നു. ഈ തക്കം നോക്കിയാണ് മോഷ്ടാവ് സ്കൂട്ടറുമായി കടന്നത്. യുവാവെന്ന് തോന്നിക്കുന്ന ആൾ സ്കൂട്ടറിന് ചുറ്റും കറങ്ങുന്നതും പരിസരം വീക്ഷിച്ച ശേഷം സ്കൂട്ടറുമായി കടക്കുന്നതുമായ ദൃശ്യങ്ങൾ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി ക്യാമറയിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തിൽ മോഷ്ടാവിനായുള്ള അന്വേഷണം ആരംഭിച്ചതായി തിരുവല്ല സി. ഐ പറഞ്ഞു.

