കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരുവല്ലയിൽ സി.പി.എം പൊതുയോഗം; അനങ്ങാതെ പൊലീസ്
text_fieldsകോവിഡ് മാനദണ്ഡം ലംഘിച്ച് തിരുവല്ല കുറ്റൂരിൽ സി.പി.എം സംഘടിപ്പിച്ച പരിപാടി
തിരുവല്ല: തിരുവല്ലയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് സി.പി.എമ്മിെൻറ പൊതുയോഗം. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ചയാണ് സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേർ പങ്കെടുത്ത് പരിപാടി സംഘടിപ്പിച്ചത്. വിവിധ പാർട്ടികളിൽനിന്നെത്തിയവരെ സ്വീകരിക്കുന്നതായിരുന്നു പരിപാടി.
സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ്, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, മുൻ ജില്ല സെക്രട്ടറി അഡ്വ. അനന്ദഗോപൻ എന്നിവരടക്കം പ്രമുഖ നേതാക്കളെല്ലാം കുറ്റൂരിൽ ഞായറാഴ്ച ഉച്ചയോടെ നടന്ന പൊതുയോഗത്തിനുണ്ടായിരുന്നു. തിരുവല്ലയില്‍ കഴിഞ്ഞമാസം മതില് തകര്‍ത്ത് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിൽ പ്രതിയായ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സഞ്ചുവും നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്നു.
കേസില്‍ ഏഴാം പ്രതിയായ സഞ്ജുവിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള പരിപാടിക്കെതിരെ കോൺഗ്രസും ബി.ജെ.പിയും രംഗത്തുവന്നു. ഡി.സി.സി പ്രസിഡൻറ് സ്ഥാനമേറ്റെടുത്ത ചടങ്ങിൽ ആളുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞ് നൂറോളം പേർക്കെതിരെ കേസെടുത്ത പൊലീസ് ഇതിനെതിരെയും നടപടിയെടുക്കാൻ തയാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
നേതാക്കൾക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തിരുവല്ല നിയോജക മണ്ഡലം പ്രസിഡൻറ് ശ്യാം മണിപ്പുഴ തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നൽകി.

