പ്രചാരണത്തിന് ഉപയോഗിച്ച ബാനറുകൾ ഗ്രോബാഗാക്കി മാറ്റും
text_fieldsഹരിതകർമ സേന നിർമിച്ച ഗ്രോബാഗ് പ്രസിഡൻറ് ഫിലോമിന ഷാജി പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുന്നു
തിരുവല്ല: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച ബാനറുകൾ പച്ചക്കറി വളർത്തുന്ന ഗ്രോബാഗാക്കി മാറ്റാൻ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനയും കാർഷിക കർമ സേനയും രംഗത്തെത്തി. ഫ്ലക്സ് നിരോധിച്ചെങ്കിലും തുണി ബാനർ എന്ന പേരിൽ ഭൂരിപക്ഷം പേരും രംഗത്തിറക്കിയ ബാനറുകൾ പോളി എതിലിൻ അടിസ്ഥാനമാക്കിയതോ പോളിസ്റ്ററോ ആയ വസ്തുക്കളായിരുന്നു. ഇവയൊന്നും മണ്ണിൽ അലിയുന്നവയല്ല. സാധാരണ ഫ്ലക്സിൽനിന്ന് വ്യത്യസ്തമായി രൂപാന്തരപ്പെടുത്തി ഗ്രോബാഗാക്കി മാറ്റാൻ ഇത് എളുപ്പമാണെന്നാണ് ഹരിതകർമ സേന അംഗങ്ങൾ പറയുന്നത്.
ഏതാനും ഗ്രോബാഗുകൾ നിർമിച്ചതിെൻറ മാതൃക ഹരിതകർമ സേന പ്രസിഡൻറ് ഫിലോമിന ഷാജി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. ആറ് അടി നീളവും മൂന്ന് അടി വീതിയുമുള്ള ബാനർ ഉപയോഗിച്ച് നാല് ഗ്രോബാഗുകൾ ഉണ്ടാക്കാം. പോളി എതിലിൻ ബാനറുകൾ ഹരിതകർമ സേനക്ക് കൈമാറണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുജാകുമാരി അറിയിച്ചു. വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുത്.

