ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകം; പ്രതിയിലേക്ക് എത്താനാകാതെ പൊലീസ്
text_fieldsതിരുവല്ല: പൊടിയാടിയിലെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന് രണ്ടാഴ്ച പിന്നിടുമ്പോഴും പ്രതിയിലേക്ക് എത്താനാകാതെ പൊലീസ്. പൊടിയാടി കൊച്ചുപുരയില്‍ ശശികുമാറിനെയാണ് (47) വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞമാസം 13ന് ഉച്ചയോടെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടക്കത്തിൽ അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാൽ, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തില്‍ ഏറ്റ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തി. കൊലപാതകം ഉറപ്പിച്ചതോടെ കൂടുതല്‍ വകുപ്പുകളും കേസില്‍ ചേര്‍ത്തു. തുടർന്ന് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. മൃതദേഹം കാണപ്പെട്ട മുറിയിലെ തറയില്‍ ഉണ്ടായിരുന്ന രക്തക്കറ തുടച്ച് നീക്കിയിരുന്നതും പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ച് കട്ടിലിൽ കിടത്തിയതും സംശയത്തിന് ഇട നൽകിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചതോടെയാണ് മരണം കൊലാപാതകമെന്ന് ഉറപ്പിച്ചത്.
തൈറോയിഡ് ഗ്രന്ഥിക്ക് ഏറ്റ മുറിവാണ് മരണ കാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്. അവിവാഹിതനായ ശശികുമാര്‍ ജ്യേഷ്ഠ സഹോദരന്റെ കുടുംബത്തിനൊപ്പമാണ് താമസിച്ചുവന്നത്. കുടുംബ കലഹത്തെ തുടര്‍ന്നുളള കൊലപാതകമെന്ന സാധ്യതയിലൂന്നിയാണ് കേസ് അന്വേഷണം. കുടുംബാംഗങ്ങളായ മുഴുവന്‍ പേരുടെയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അമ്പതിലധികം പേരെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് ഡിവൈ.എസ്.പി എസ്. നന്ദകുമാർ പറഞ്ഞു. ജഡഡപരിശോധന പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

