ഒറ്റവാർഡിൽ മൂന്ന് വിജയികൾ
text_fieldsപെരിങ്ങര പത്താം വാർഡിൽനിന്ന് വിവിധ വാർഡുകളിലേക്ക് വിജയിച്ച സ്ഥാനാർഥികൾ
തിരുവല്ല: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഒരേ വാർഡിൽ നിന്നും വിജയിച്ചു കയറിയത് മൂന്ന് സ്ഥാനാർഥികൾ. തിരുവല്ലയിലെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ഇക്കുറി മൂന്ന് സ്ഥാനാർഥികൾ വിജയിച്ചു കയറിയത്. പത്താം വാർഡിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ദേവരാജൻ, പതിനൊന്നാം വാർഡിൽ വിജയിച്ച അരുൺ എം. കുമാര്‍, പന്ത്രണ്ടാം വാർഡിൽനിന്ന് വിജയിച്ച അനീഷ് ചന്ദ്രൻ എന്നിവരാണ് ഈ സ്ഥാനാർഥികൾ. മൂന്ന് വാർഡുകളിലേക്ക് വിജയിച്ച മൂന്നുപേരും പത്താം വാർഡിൽ ഉൾപ്പെടുന്നവരാണ് എന്നതാണ് കൗതുകം ആകുന്നത്.
പട്ടികജാതി സംവരണ വാർഡായ പത്താം വാർഡിലെ സ്ഥാനാർഥിയായി ദേവരാജനെ പാർട്ടി മുൻകൂട്ടി തീരുമാനിച്ചിരുന്നു. എന്നാൽ 11 ,12 വാർഡുകളിലേക്ക് മുന്നണി തീരുമാനിച്ചിരുന്ന സ്ഥാനാർത്ഥികളെ സാങ്കേതികമായ ചില കാരണങ്ങൾകൊണ്ട് മാറ്റേണ്ട സാഹചര്യം ഉടലെടുത്തത്തോടെയാണ് അരുണിനും അനീഷ് ചന്ദ്രനും നറുക്ക് വീണത്. തങ്ങളുടെതല്ലാത്ത വാർഡുകളിൽ മത്സരിച്ച ഇരുവരും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുകയും ചെയ്തു. 20 വർഷമായി എൻ.ഡി.എ കൈയടക്കിയിരുന്ന പത്താം വാർഡിൽ മുൻ തെരഞ്ഞെടുപ്പിനെക്കാൾ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ദേവരാജൻ വിജയിച്ചു കയറി.
ആകെ പോൾ ചെയ്ത 796 വോട്ടുകളിൽ 399 വോട്ടുനേടി ദേവരാജൻ ഒന്നാമത് എത്തി. പതിനൊന്നാം വാർഡിൽ ആകെ പോൾ ചെയ്ത 845 വോട്ടുകളിൽ 448 വോട്ടുകൾ അരുൺ എം. കുമാര്‍ നേടി. 745 വോട്ടുകൾ പോൾ ചെയ്ത പന്ത്രണ്ടാം വാർഡിൽ 340 വോട്ടുകൾ നേടിയാണ് അനീഷ് ചന്ദ്രൻ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

