തിരുവല്ല താലൂക്ക് ആശുപത്രി; കെട്ടിടമുണ്ട് ‘പ്രവേശനമില്ല’
text_fieldsതിരുവല്ല: ചികിത്സ വിഭാഗങ്ങൾ വിപുലീകരിക്കാൻ ലക്ഷ്യമിട്ട് തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിർമിച്ച ഏഴുനില കെട്ടിടത്തിന്റെ മുകൾഭാഗം ഒഴിഞ്ഞുകിടക്കുന്നു. 2019ൽ ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാൻ വൈകുന്നത്. ആദ്യഘട്ടമെന്ന നിലയിൽ 2017ൽ മൂന്നുനിലയും രണ്ടാംഘട്ടം 2019ൽ നാലുനിലയുമാണ് നിർമിച്ചത്. തുടർന്ന് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും മുകളിലുള്ള രണ്ടുനില ഇലക്ട്രിക്കൽ ജോലികൾ നടത്താത്തത് മൂലം ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഇതിനായി 1.09 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിൽ സമർപ്പിച്ചെങ്കിലും പണം അനുവദിച്ചിട്ടില്ല. നേത്ര ചികിത്സ സൗകര്യങ്ങൾക്കും ശസ്ത്രക്രിയ മുറിക്കുമായി ഒഴിച്ചിട്ട നാലാം നിലയും വെറുതെ കിടക്കുകയാണ്. അതിനിടെ, സർക്കാർ പണം അനുവദിച്ചിട്ടും ഐസോലേഷൻ വാർഡ് നിർമാണം ആരംഭിച്ചില്ലെന്നും പരാതിയുണ്ട്.
ഐസോലേഷൻ വാർഡ് നിർമിക്കുന്നതിന് അഞ്ചുകോടിയാണ് അനുവദിച്ചത്. എന്നാൽ, 2021 ജൂലൈ 28ന് അനുമതി ലഭിച്ച പദ്ധതിക്ക് ഇതുവരെ നടപടിയൊന്നും തുടങ്ങിയിട്ടില്ല. കെട്ടിടം നിർമിക്കേണ്ട സ്ഥലത്തെ മരങ്ങൾ മുറിച്ചുനീക്കുന്ന ജോലിപോലും ആരംഭിച്ചിട്ടില്ല. ആശുപത്രിയിലെ മലിനജല ശുചീകരണ പ്ലാന്റിന് രണ്ടരക്കോടി അനുവദിച്ച് ഭരണാനുമതി ലഭിച്ചിട്ട് ഒരു വർഷം കഴിഞ്ഞു.
ജില്ല ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി ഇതുവരെ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ആശുപത്രിയിൽ പല സ്ഥലത്തും മലിനജലം സംഭരണി കവിഞ്ഞ് പുറത്തേക്ക് ഒഴുകാറുണ്ട്. ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
അത്യാഹിത വിഭാഗത്തില്‍ ആകെയുള്ള നാലുപേരില്‍ ഒരാള്‍ മാത്രമാണ് സര്‍ക്കാര്‍ തസ്തികയിലുള്ളത്. ബാക്കിയുള്ളവര്‍ എന്‍.എച്ച്.എം സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയതാണ്. സന്ധ്യക്കുശേഷം ശ്വാസതടസ്സം അടക്കമുള്ള അസ്വസ്ഥതകളുമായി എത്തുന്നവരെയും അപകടങ്ങളിൽപെട്ട് പരിക്കേറ്റ് എത്തുന്നവരെയും പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവെന്നും ആരോപണമുണ്ട്. മെഡിക്കല്‍ സ്പെഷാലിറ്റി, സ്കിന്‍, സൈക്യാട്രി വിഭാഗത്തില്‍ ഡോക്ടർമാർ ആരുമില്ല. ഏറെ തിരക്കുള്ള ഫിസിഷന്‍, ഗൈനക്ക് വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാർ മാത്രമാണുള്ളത്. നേത്രരോഗ വിഭാഗത്തിലും അനസ്തേഷ്യയിലും അവസ്ഥ വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

