14 വാർഡുകളിൽ മൂന്നാം സ്ഥാനത്ത് ; പന്തളത്തെ കോൺഗ്രസ് നേതൃത്വം മാറണമെന്ന ആവശ്യം ശക്തം
text_fieldsപന്തളം: കോൺഗ്രസിന് ആധിപത്യം ഉണ്ടായിരുന്ന പന്തളത്തെ നഗരസഭ വാർഡുകളിലെ കനത്ത പരാജയത്തെ തുടർന്ന് കോൺഗ്രസിൽ നേതൃത്വം മാറണമെന്ന് ആവശ്യം ശക്തം. കൈയിലിരുന്ന സീറ്റ് നഷ്ടപ്പെടുകയും നഗരസഭയിലെ 14 വാർഡുകളിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇത് പന്തളത്തെ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിലേക്ക് ആക്കിയിരിക്കുകയാണ്. നഗരസഭ ഒന്നാം വാർഡിൽ മഹിള കോൺഗ്രസിെൻറ സംസ്ഥാന നേതാവ് മഞ്ജു വിശ്വനാഥ് കഴിഞ്ഞ 20 വർഷമായി പ്രതിനിധീകരിച്ചിരുന്ന വാർഡിൽ ബി.ജെ.പി ജയിച്ചു.
നഗരസഭയിലെ മൂന്ന്, ഒമ്പത്, 11, 12, 13, 15, 19, 20, 22, 24, 25, 29, 31, 33 എന്നീ വാർഡുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനേത്തക്ക് തള്ളപ്പെട്ടു. ഇതിൽ മൂന്ന്,19, 24 എന്നീ വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് 75 വോട്ടിന് താഴെയാണ് ലഭിച്ചത്. കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡൻറ് കെ.ആർ. വിജയകുമാർ നഗരസഭ രണ്ടാം വാർഡിൽ അഞ്ച് വോട്ടിനാണ് ജയിച്ചത്.
എട്ടാം വാർഡിൽ മറ്റൊരു മണ്ഡലം പ്രസിഡൻറ് എ. നൗഷാദ് റാവുത്തർ, മുൻ കൗൺസിലർമാരായ മഞ്ജു വിശ്വനാഥ്, ജി. അനിൽകുമാർ, ഡി.സി.സി മെംബർ അഡ്വ. ഡി.എൻ. തൃദീപ്, മുൻ പഞ്ചായത്ത് അംഗങ്ങളായ ടി. ഗോപാലൻ, വല്ലാറ്റൂർ വാസുദേവൻ, ടി.കെ. ഗോപാലൻ എന്നിവരും പരാജയപ്പെട്ടു. ഇവിടങ്ങളിൽ കോൺഗ്രസിെൻറ വോട്ട് രണ്ടക്കം കടന്നില്ല.
മണ്ഡലം പുനർനിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ജില്ല നേതൃത്വം ഇടപ്പെട്ട് രണ്ട് മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിക്ക് അടൂർ നിയമസഭ മണ്ഡലം ഉൾപ്പെടുന്ന പന്തളത്തെ വോട്ട് കുറഞ്ഞതിെൻറ പേരിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ മണ്ഡലം നേതൃത്വത്തെ പരസ്യമായി വിമർശിച്ചിരുന്നു. അതിന് ശേഷവും പന്തളത്തെ നേതൃത്വം പ്രശ്ന പരിഹാരത്തിനായി ഒരു ശ്രമവും നടത്തിയില്ല.ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥി പ്രഖ്യാപനത്തിലും തർക്കങ്ങൾ നീണ്ടു.
മുൻ മന്ത്രി പന്തളം സുധാകരനും അദ്ദേഹത്തിെൻറ അനുജൻ അഡ്വ. കെ. പ്രതാപനുമാണ് പന്തളത്തെ പാർട്ടിയെ നിയന്ത്രിക്കുന്നത്. പ്രവർത്തകരെ ഒരു കുടക്കീഴിൽ നിർത്താൻ കഴിവുള്ള നേതാക്കൾ ഇല്ലാത്തതാണ് പന്തളത്തെ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇലക്ഷൻ സമയം ആകുമ്പോൾ സ്ഥാനാർഥികൾ എത്തുന്നത് അല്ലാതെ നാട്ടിലെ പൊതുപ്രവർത്തനങ്ങളിൽ കോൺഗ്രസിെൻറ ഇടപെടൽ ഇല്ലാത്തതാണ് പരാജയങ്ങൾക്ക് ഒരു പരിധിവരെ കാരണം. കഴിഞ്ഞ തവണ 11 സീറ്റ് ഉണ്ടായിരുന്ന കോൺഗ്രസിന് ഇപ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗം ഉൾപ്പെടെ അഞ്ചുപേർ മാത്രമാണ് ഉള്ളത്. ബി.ജെ.പി ജയിച്ച വാർഡുകളിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

