ദുരിതക്കടൽ താണ്ടി അവർ എത്തിത്തുടങ്ങി; തുടർ പഠനത്തെക്കുറിച്ച് ആശങ്ക
text_fieldsപ്രണാദ് കുമാർ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം
`തിരുവല്ല: യുദ്ധം കൊടുമ്പിരിക്കൊണ്ട യുക്രെയ്നിൽനിന്ന് തിരുവല്ല സ്വദേശികളായ വിദ്യാർഥികൾ മടങ്ങിയെത്തിത്തുടങ്ങി. യുദ്ധത്തിന്‍റെ വലിയ ഭീതിയില്ലാത്ത പടിഞ്ഞാറൻ യുക്രെയ്നിൽ ഉള്ളവരാണ് എത്തിയത്. പെരിങ്ങര പ്രസന്ന ഭവനത്തിൽ പി. പ്രണാദ് കുമാർ, പടിഞ്ഞാറ്റോതറ പാണ്ടിശ്ശേരിൽ സ്നേഹ പ്രഭ, മാടപ്പാട്ടുമണ്ണിൽ ശീതൾ മെറിൻ തോമസ് എന്നിവരാണ് തിങ്കളാഴ്ച രാത്രി നാട്ടിലെത്തിയത്.
മൂന്നുപേരും യുക്രെയ്നിലെ വിവിധ യൂനിവേഴ്സിറ്റികളിൽ രണ്ടാംവർഷ മെഡിക്കൽ വിദ്യാർഥികളാണ്. കഴിഞ്ഞമാസം 25നാണ് പ്രണാദും സഹപാഠികളായ 10പേരും നാട്ടിലേക്കു തിരിക്കുന്നത്.
ടർനോപിനിൽനിന്ന് രണ്ട് മണിക്കൂർ ട്രെയിനിൽ യാത്രചെയ്ത് ലിവിയിലും അവിടെനിന്ന് മറ്റൊരു ട്രെയിനിൽ ഏഴ് മണിക്കൂർ യാത്ര ചെയ്ത് ഉഹോർദിൽ എത്തി. അവിടെനിന്ന് പിറ്റേ ദിവസം ടാക്സിയിൽ ചോപ് എന്ന സ്ഥലത്തെത്തി, അവിടെനിന്നാണ് ഹംഗറി അതിർത്തിയിലെത്തുന്നത്.
അവിടെ 20 മണിക്കൂറോളം കാത്തുനിന്ന ശേഷമാണ് അതിർത്തി കടന്ന് ഹംഗറിയിലെത്തിയത്. അവിടെ ഇന്ത്യൻ എംബസിയിലെ വളന്‍റിയർമാർ വേണ്ട സഹായങ്ങൾ ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിലേക്കായിരുന്നു അടുത്ത യാത്ര. ബുദാപെസ്റ്റിൽനിന്ന് ഒന്നാംതീയതി പുറപ്പെട്ട വിമാനത്തിൽ ഡൽഹിയിലെത്തി. ഡൽഹിയിൽനിന്നാണ് രണ്ടിന് രാത്രി എട്ടരയോടെ കൊച്ചിയിലെത്തിയത്. ഹംഗറിയുടെ അതിർത്തി പട്ടണമായ ഉഷ്ഹോർദിലാണ് സ്നേഹയും ശീതളും പഠിക്കുന്നത്. 45 മിനിറ്റു യാത്രാദൂരമാണ് ഹംഗറി അതിർത്തിയിലേക്കുള്ളത്.
27നാണ് ഇവർ യുക്രെയ്ൻ വിട്ടത്. ഒന്നിനു ഡൽഹിയിലെത്തി. ഇവർക്കും ഹംഗറി അതിർത്തി കടക്കാൻ 10 മണിക്കൂറോളം ബസിൽ കാത്തിരിക്കേണ്ടി വന്നു. ഡൽഹിയിലെത്തി കേരള ഹൗസിൽ താമസസൗകര്യം ലഭിച്ചു. സ്നേഹയും ശീതളും നാട്ടിൽ അയൽക്കാരുമാണ്.
യുക്രെയ്നിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഈ മാസം 13വരെ അടച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. തങ്ങളുടെ മുമ്പോട്ടുള്ള വിദ്യാഭ്യാസം എന്താകുമെന്ന ആശങ്കയാണ് മൂവർക്കും ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

