മോഷണക്കേസ് പ്രതിക്ക് 30 മാസം തടവുശിക്ഷ
text_fieldsപത്തനംതിട്ട: നിരവധി മോഷണക്കേസുകളിലെ പ്രതിക്ക് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 30 മാസം തടവിനും 8000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ പ്രതിയും പലതവണ ജയിൽ ശിക്ഷയനുഭവിച്ചയാളുമായ കൊല്ലം കരുനാഗപ്പള്ളി ആദിനാട് കൊച്ചാലുംമൂട് പടിഞ്ഞാറത്തറ തേങ്ങ ബാബു എന്ന ബാബുക്കുട്ടനാണ് (53) പത്തനംതിട്ട സി.ജെ.എം ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്.
കോയിപ്രം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞവർഷം ആഗസ്റ്റ് 28ന് രജിസ്റ്റർ ചെയ്ത രണ്ടു കേസിലാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ശിക്ഷവിധിയുണ്ടായത്. പിഴയടച്ചില്ലെങ്കിൽ 12 ദിവസം കൂടി തടവ് അനുഭവിക്കണം. 27ന് രാത്രി പുല്ലാട് ചക്കുതറയിൽ ആശുപത്രിക്ക് സമീപം പുത്തൻപറമ്പിൽ രാജേന്ദ്രന്‍റെ വീടിന്റെ ജനൽകമ്പി അറുത്തുമാറ്റി ഉള്ളിൽ കടന്ന് മോഷണത്തിന് ശ്രമിച്ച കേസിലും ഇയാളിൽനിന്ന് കണ്ടെടുത്ത മൊബൈൽ ഫോൺ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എടുത്ത കേസിലുമാണ് ശിക്ഷിച്ചത്. ശിക്ഷകൾ ഒന്നിച്ചനുഭവിച്ചാൽ മതി.
അറസ്റ്റിലായതുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരുകയാണ് പ്രതി. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ആർ. പ്രദീപ് കുമാർ ഹാജരായി.കോയിപ്രം എസ്.ഐ അനൂപാണ് ഇയാളെ അറസ്റ്റ് ചെയ്തതും കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

