ചെങ്ങന്നൂർ-പമ്പ റെയിൽപാത: കാത്തിരിപ്പ് നീളുന്നു
text_fieldsപത്തനംതിട്ട: ചെങ്ങന്നൂർ-പമ്പ റെയിൽ പാതയെന്ന സ്വപ്നത്തിന് ഇനിയും പച്ചക്കൊടിയായിട്ടില്ല. പദ്ധതി ചെലവിന്റെ പകുതി മുടക്കാനാകുമോ എന്ന കേന്ദ്ര സർക്കാറിന്റെ ചോദ്യത്തിന് മുന്നിൽ സംസ്ഥാനം മൗനത്തിലാണ്. സംസ്ഥാന ബി.ജെ.പി നേതൃത്വം താൽപര്യമെടുത്തതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുകയായിരുന്നു. പദ്ധതിയുടെ വിശദ രൂപരേഖ റെയിൽവേ ബോർഡിന്റെ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ നിലപാടിനായി കാത്തിരിക്കുകയാണ് ബോർഡ്. കേന്ദ്ര മന്ത്രിസഭ പദ്ധതി അംഗീകരിച്ചിട്ട് ഒരു വർഷത്തിലേറെയായി. ഈ വർഷത്തെ കേന്ദ്ര ബജറ്റിൽനിന്ന് റെയിൽവേ വിഹിതത്തിൽ പദ്ധതി ഉൾക്കൊള്ളിക്കാൻ ബോർഡ് താൽപര്യപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്.
അങ്കമാലി-എരുമേലി പാതയെ പത്തനംതിട്ട വഴി വിഴിഞ്ഞത്തേക്ക് നീട്ടുകയും കണമലയിൽ സ്റ്റേഷൻ നിർമിക്കുകയും ചെയ്താൽ ചെങ്ങന്നൂർ-പമ്പ പാതയെ അവിടെ ബന്ധിപ്പിക്കാമെന്ന നിർദേശവുമുണ്ട്. ശബരിമല തീർഥാടനകാലത്ത് മാത്രമാകും ചെങ്ങന്നൂർ-പമ്പ പാതയിൽ ട്രെയിൻ സർവിസുണ്ടാകുക. സീസൺ അല്ലാത്തപ്പോൾ പാത അടച്ചിടും.
3800 കോടി മുടക്കിയിട്ട് പൂർണസമയം ഗതാഗതം സാധ്യാമാകാത്ത പദ്ധതിയോട് സംസ്ഥാനത്തിനുള്ള വിയോജിപ്പിനുള്ള പ്രധാന കാരണമിതാണ്. നിർദിഷ്ട അങ്കമാലി-എരുമേലി പദ്ധതിക്ക് പകുതി പണം സംസ്ഥാനം മുടക്കണമെന്ന കേന്ദ്ര നിർദേശത്തിലും തീരുമാനമായിട്ടില്ല. പകുതി ചെലവ് വഹിക്കാൻ കിഫ്ബിയെടുക്കുന്ന വായ്പയെ കടമെടുപ്പ് പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂർ-പമ്പ പാത പദ്ധതി ചെലവിന്റെ പകുതി വഹിക്കണമെന്ന കേന്ദ്രനിർദേശവും സംസ്ഥാനത്തിന്റെ മുന്നിലുള്ളത്.
പദ്ധതി ചെലവിന്റെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമാണ്. പദ്ധതിയുടെ ആകെ ചെലവ് 7600 കോടിയും സംസ്ഥാനം വഹിക്കേണ്ടത് 3800 കോടിയുമാണ്. പാതയുടെ നീളം 75 കിലോമീറ്ററും യാത്രാസമയം 50 മിനിറ്റുമാണ്. ആറന്മുള, കോഴഞ്ചേരി, ചെറുകോൽ, അട്ടത്തോട്, പമ്പ എന്നിവയാണ് സ്റ്റേഷനുകൾ. ചെങ്ങന്നൂർ നഗരസഭ, 16 പഞ്ചായത്തുകൾ എന്നിവിടങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

