ചെങ്ങറയെ ഭീതിയിലാക്കുന്ന കടുവ കാണാമറയത്തു തന്നെ
text_fieldsകോന്നി: ചെങ്ങറയിൽ നാട്ടുകാർ കടുവഭീതിയിൽ കഴിയുമ്പോഴും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനോ കൂട് സ്ഥാപിക്കുന്ന നടപടികൾ സ്വീകരിക്കാനോ തയാറാകാതെ വനം വകുപ്പ് അധികൃതർ. ഈ പ്രദേശത്ത് കടുവ ഭീതി പടർത്താൻ തുടങ്ങിയിട്ട് ആഴ്ചകളായി. എസ്റ്റേറ്റ് ഡിവിഷനിൽ കുറുമ്പറ്റി ഭാഗത്താണ് കടുവയെ ആദ്യം കണ്ടതായി നാട്ടുകാർ പറയുന്നത്. തുടർന്ന് ടാപ്പിങ് തൊഴിലാളികളായ ദമ്പതികൾ കടുവയെ നേരിൽ കാണുകയും കടുവയെ കണ്ട് ഭയന്ന് ഓടിയ വീട്ടമ്മയ്ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തു. ഇതിന് ശേഷം പ്രദേശത്തെ വീടിന് സമീപത്ത് കടുവ എത്തിയതായി അഭ്യൂഹം പടർന്നതിനെ തുടർന്ന് വനപാലകർ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥലത്ത് ഡ്രോൺ പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. എന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. പ്രദേശത്ത് കടുവയെ പിന്നെയും പല തവണ കണ്ടതോടെ ഭീതിയിൽ കഴിയുകയാണ് കുടുംബങ്ങൾ. രാത്രിയിൽ വീടിന് വെളിയിൽ ഇറങ്ങാനോ ടാപ്പിങ് ജോലികൾക്ക് പോകാനോ ഇവർക്ക് കഴിയുന്നില്ല.
കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെങ്കിൽ വനം വകുപ്പ് ഉന്നത അധികാരികളുടെ അനുമതി വാങ്ങി നടപടികൾ മുന്നോട്ട് പോകണം എന്നതിനാൽ കോന്നിയിലെ വനപാലകർക്ക് ഇതിനും കഴിയുന്നില്ല. കടുവാ ഭീതി നിലനിൽക്കുന്ന സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ വളർന്നുനിൽക്കുന്ന കാടുകളും ഭീതി വർധിപ്പിക്കുന്നു. പലപ്പോഴും തിരച്ചിലിനായി ചെല്ലുന്ന വനപാലകർ സ്വകാര്യ ഭൂമിയിലെ കാട് കണ്ട് തിരച്ചിൽ നടത്താൻ കഴിയാതെ മടങ്ങിയ സംഭവങ്ങളും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

