സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് അധോലോക സംഘം -വി.ടി. ബല്‍റാം
text_fieldsവി.ടി. ബൽറാം
പത്തനംതിട്ട: സ്വര്‍ണക്കടത്തുകാരും മയക്കുമരുന്ന് മാഫിയകളും നിയന്ത്രിക്കുന്ന അധോലോക സംഘമാണ് സംസ്ഥാന ഭരണം നിയന്ത്രിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ടി. ബല്‍റാം പറഞ്ഞു. കറന്‍സി, സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിെൻറ പുതിയ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാർമികതയുടെ അംശമെങ്കിലും ഉണ്ടെങ്കില്‍ എത്രയും വേഗം മുഖ്യമന്ത്രിപദം രാജിവെച്ച് ഒഴിയുവാന്‍ പിണറായി വിജയന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അബാൻ ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. കലക്ടറേറ്റ് പടിക്കൽ റോഡിൽ ബാരിക്കേഡ് തീർത്ത് പൊലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റാൻ ഏറെ സമയം ശ്രമിച്ചുവെങ്കിലും നടന്നില്ല.
ഇതിനിടെ ബാരിക്കേഡ് കെട്ടിയിരുന്ന കയർ അഴിച്ചുകൊണ്ട് ഒരു പ്രവർത്തകൻ സമീപത്തിട്ടിരുന്ന പൊലീസ് വാഹനത്തിെൻറ മുകളിൽകയറി മുദ്രാവാക്യം വളിച്ചു. പിന്നീട് നേതാക്കളെത്തി അനുനയിപ്പിച്ച് വാഹനത്തിെൻറ മുകളിൽനിന്ന് ഇറക്കി.
ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരായ കെ. ശിവദാസന്‍നായര്‍, പി. മോഹര്‍രാജ്, ബാബു ജോര്‍ജ്, കെ.പി.സി.സി നിർവാഹകസമതി അംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, കെ.പി.സി.സി സെക്രട്ടറി എന്‍. ഷൈലാജ്, എ.ഐ.സി.സി അംഗം മാലേത്ത് സരളദേവി, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, സാമുവല്‍ കിഴക്കുപുറം, ജി. രഘുനാഥ്, എ. സുരേഷ്കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ടി.കെ. സാജു, മാത്യു കുളത്തിങ്കല്‍, റെജി തോമസ്, തോപ്പില്‍ ഗോപകുമാര്‍, എസ്. ബിനു, സജി കൊട്ടക്കാട്, കെ. ജാസിംകുട്ടി എന്നിവര്‍ സംസാരിച്ചു.