Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമുദായ വോട്ടിലെ വിള്ളൽ വീണയെ വീഴ്ത്തി

text_fields
bookmark_border
veena george
cancel

പത്തനംതിട്ട: ആഞ്ഞടിച്ച യു.ഡി.എഫ് തരംഗത്തിൽ ആറന്മുളയിൽ വീണയും വീണു. 18,985 വോട്ടിനാണ് മന്ത്രി വീണാ ജോർജ് കോൺഗ്രസിന്‍റെ യുവനേതാവ് അബിൻ വർക്കിയോട് അടിയറവ് പറഞ്ഞത്. മറുപക്ഷത്ത് യു.ഡി.എഫ് ഉന്നമിട്ട എതിരാളികളുടെ പട്ടികയിൽ പ്രമുഖ സ്ഥാനത്തായിരുന്നു വീണാ ജോർജ്. മണ്ഡലത്തിൽ നിർണായകമായ ഓർത്തഡോക്സ് വോട്ടുകളുടെ ബലത്തിലാണ് വീണാ ജോർജ് തകർപ്പൻ വിജയം നേടി ആറന്മുളയിൽനിന്ന് രണ്ടാമതും നിയമസഭയിൽ എത്തിയതും കെ.കെ. ഷൈലജയെ പുറത്തിരുത്തി ആരോഗ്യമന്ത്രിയായതും. സമുദായ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ എറണാകുളത്തുനിന്ന് അബിൻ വർക്കിയെ കന്നി പോരാട്ടത്തിനായി കോൺഗ്രസ് ആറന്മുളയിലേക്ക് ഇറക്കുമതി ചെയ്തപ്പോൾതന്നെ വീണയുടെ ക്യാമ്പിൽ ആശങ്ക പടർന്നിരുന്നു.

അബിനെ പിന്തുണക്കുമെന്ന് സമുദായ നേതാക്കൾ സൂചന നൽകിയതോടെയാണ് പരാജയം മണത്ത് സഭയുടെ മുൻ സെക്രട്ടറി കൂടിയായ വീണയുടെ ഭർത്താവ് വീണയെ വീണ്ടും സ്ഥാനാർഥിയാക്കരുതെന്ന ആവശ്യവുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചത്. എന്നാൽ ഇത് തള്ളി മുഖ്യമന്ത്രിയുടെ കുടുംബത്തോട് അടുത്തുനിൽക്കുന്ന വീണയെതന്നെ സി.പി.എം ആറന്മുളയിൽ സ്ഥാനാർഥിയാക്കുകയായിരുന്നു.

രണ്ടാം പിണറായി മന്ത്രിസഭയിൽ ഏറ്റവുമധികം ആരോപണങ്ങൾക്ക് വിധേയയായ മന്ത്രിയാണ് വീണാ ജോർജ്. മുൻഗാമി കെ.കെ. ഷൈലജയെ പുറത്തുനിർത്തിയതിന്‍റെ പേരിൽ പാർട്ടിയിൽ ഒരു വിഭാഗത്തിനുണ്ടായിരുന്ന അതൃപ്തിയും മറുപക്ഷം പരമാവധി മുതലാക്കുകയായിരുന്നു. ഏറ്റവുമൊടുവിൽ പ്രതിഷേധിക്കാനെത്തിയ യൂത്ത്കോൺഗ്രസുകാർ കായികമായി ആക്രമിച്ചെന്നും കഴുത്തിന് പരിക്കേറ്റെന്നും പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ചെങ്കിലും അഭിനയമെന്ന് പറഞ്ഞ് യു.ഡി.എഫ് നടത്തിയ പ്രചാരണം ക്ലച്ച് പിടിക്കുന്ന കാഴ്ചയാണ് അവസാന നിമിഷം കണ്ടത്.

മണ്ഡലത്തിലുടനീളം നടന്ന വികസന പ്രവർത്തനങ്ങളിൽ പലതും സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാതെ വന്നതും പൂർത്തിയാകാത്തവ ഉദ്ഘാടനം ചെയ്ത് ആഘോഷമാക്കാൻ ശ്രമിച്ചതും വീണാ ജോർജിന് തിരിച്ചടിയായി. ഇതിനൊപ്പം സംഘടനാപരമായ ദൗർബല്യം വെളിവാക്കി പ്രചാരണത്തിന്‍റെ ചുമതല വഹിച്ച പ്രധാന നേതാവിനെ ഇടക്ക് മാറ്റേണ്ടി വന്നതും വീണാ ജോർജിന്‍റെ പരാജയം ഉറപ്പാക്കിയതായാണ് വിലയിരുത്തൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The split in the community vote brought down Veena.
Next Story