ആറന്മുളയിൽ നാളെ മുതൽ വഞ്ചിപ്പാട്ടിന്റെ താളം
text_fieldsപത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ വള്ളസദ്യക്കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ദേവസങ്കീർത്തന സോപാനം (വഞ്ചിപ്പാട്ട് മത്സരം) ഞായറാഴ്ച ആരംഭിക്കും. രാവിലെ 10.30ന് പിന്നണി ഗായകൻ കാവാലം ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡൻറ് കെ. വി. സാംബദേവൻ അധ്യക്ഷത വഹിക്കും. വ്യവസായി മഠത്തിൽ രഘൂ മുഖ്യാതിഥിയാവും. 26 വരെ വഞ്ചിപ്പാട്ട് സോപാനം പ്രാഥമിക അവതരണം രാവിലെ 10 മുതൽ 1.30 വരെ ക്ഷേത്ര സന്നിധിയിൽ നടക്കും.
അതത് കരകൾക്ക് വഞ്ചിപ്പാട്ട് സോപാനത്തിൽ ഇഷ്ടപ്പെട്ട പാട്ട് അവതരിപ്പിക്കാം. പത്ത് മിനിറ്റാണ് പാട്ടിനു ലഭിക്കുക. പ്രാഥമികമായി വഞ്ചിപ്പാട്ട് അവതരിപ്പിച്ച പള്ളിയോടക്കരകളെ ഉൾപ്പെടുത്തി മേഖല മത്സരം നടത്തും. വിജയികൾക്ക് വ്യവസായി മഠത്തിൽ രഘു സമർപ്പിച്ച 52 പവൻ സ്വർണത്തിൽ നിർമിച്ച വഞ്ചിപ്പാട്ട് സോപാനം എവർറോളിങ് സുവർണ ട്രോഫിയും 25,000 രൂപയും സമ്മാനം നൽകും. രണ്ടാം സ്ഥാനത്തിന് 15000 രൂപയും മൂന്നാം സ്ഥാനത്തിന് 10,000 രൂപയും നൽകും. 27 ന് കിഴക്കൻ മേഖലയുടെയും 28 ന് മധ്യമേഖലയുടെയും 29 ന് പടിഞ്ഞാറൻ മേഖലയുടെയും പ്രാഥമിക മത്സരം അതത് ദിവസം രാവിലെ 10 മുതൽ 11.30 വരെ നടക്കും.
വിവിധ സെമിനാറുകളും സംഘടിപ്പിക്കും. 30 ന് രാവിലെ 10.30 ന് ഫൈനൽ മത്സരം. സമാപന സദസ് സംവിധായകൻ വിനയൻ ഉദ്ഘാടനം ചെയ്യും. പ്രാഥമിക അവതരണത്തിൽ പങ്കെടുക്കുന്ന കരകളുടെ ടീമിന് 1000 രൂപ പ്രോത്സാഹനമായി നൽകും. ആറന്മുള ശൈലിയിലുള്ള വഞ്ചിപ്പാട്ടാണ് പാടേണ്ടത്. പ്രസിഡന്റ് കെ.വി. സാംബദേവൻ, ജനറൽ കൺവീനർ കെ.എസ്. സുരേഷ് മല്ലപ്പുഴശ്ശേരി, ജോ. കൺവീനർ ഡോ.സുരേഷ് ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

